പാമ്പുപിടിത്തം കൊള്ളാം, പക്ഷേ പാമ്പുകളോടീ ക്രൂരത വേണ്ട.. അശാസ്ത്രീയ പാമ്പുപിടിത്തത്തിന്റെ ക്രൂരതയിൽ പിടഞ്ഞ് പാമ്പുകൾ
text_fieldsഅശാസ്ത്രീയമായ പാമ്പുപിടിത്തം
തിരുവനന്തപുരം: നാട്ടിൻപുറങ്ങൾ, ജനവാസമേഖലകൾ എന്നുവേണ്ട, അങ്കണവാടികളിൽ വരെ പാമ്പുകളെത്താറുണ്ട്. അവയെ ശാസ്ത്രീയമായി പിടികൂടി കാട്ടിലേക്ക് തുറന്നുവിടുക എന്നതാണ് പരിസ്ഥിതിക്ക് അനുയോജ്യമായ മാർഗം. അതാണ് വനംവകുപ്പിന്‍റെ ലക്ഷ്യമെങ്കിലും പലസ്ഥലങ്ങളിലും ഇന്ന് പാമ്പുകൾക്ക് നേരിടേണ്ടിവരുന്നത് ക്രൂരപീ ഡനം.
ശാസ്ത്രീയമായി പാമ്പുപിടിക്കാൻ ലൈസൻസ് നേടിയവരും വനംവകുപ്പിലെ തന്നെ വാച്ചർമാരിൽ കുറെ ആളുകളെങ്കിലും ഈ ക്രൂരത സ്ഥിരം തൊഴിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെയുള്ള പാമ്പുപടിത്തവും പരസ്യമാണ്.
അടുത്തിടെ രണ്ട് സ്ഥലങ്ങളിലായി വനം ആർ.ആർ.ടി ജീവനക്കാർ പെരുമ്പാമ്പിനെ പിടികൂടിയത് അതിക്രൂരമായിട്ടാണ്. സമൂഹ മാധ്യമങ്ങളിലടക്കം ഈ ചിത്രങ്ങൾ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. കഴുത്തിൽ കൈകൊണ്ട് ഞെരിച്ചമർത്തിയാണ് പൊരുമ്പാമ്പിനെ ഇവർ പിടികൂടിയത്. ഇതാണോ ‘ശാസ്ത്രീയമായ’പാമ്പുപിടിത്തം എന്ന ചോദ്യം പലകോണിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. ശാസ്ത്രീയ പാമ്പുപിടിത്തം പ്രഖ്യാപനത്തിൽ മാത്രമെന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്ചകൾ.
ഇങ്ങനെ പിടികൂടുന്ന പാമ്പുകളെ വനത്തിൽ തുറന്നുവിട്ടാൽ തന്നെ അതിജീവിക്കുക പ്രയാസകരമായി രിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അർധപ്രാണാവസ്ഥയിലാണ് ഇവയെ പലപ്പോഴും തുറന്നു വിടുക.
പാമ്പുകൾ പോലും അറിയാതെവേണം അവയെ പിടികൂടുക എന്നതാണ് ശാസ്ത്രീയമായ പാമ്പുപിടിത്തത്തിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. ഒപ്പം ജനങ്ങളെ അവയിൽ നിന്ന് സംരക്ഷിക്കുക എന്നതും പ്രധാനമാണ്.
ജനവാസ മേഖലകളിൽ അപകടകരമായി എത്തിപ്പെടുന്ന പാമ്പുകളെ അംഗീകൃത റെസ്ക്യൂവർമാർ മുഖേനെ പിടികൂടുന്നതിനും അനുയോജ്യമായ ആവാസവ്യവസ്ഥയിൽ തുറന്നുവിടുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന അംഗീകാരമുള്ള കേരളത്തിലാണ് ഈ ക്രൂരത.
പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തിനായി ‘സർപ്പ’ മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ, നിയമവും ചട്ടങ്ങളും നോക്കുത്തിയാക്കിയാണ് ചില ജീവനക്കാർ ഇപ്പോഴും പാമ്പുപടിത്തം നിർബാധം തുടരുന്നത്.
കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ വനംവകുപ്പ് വാച്ചർ പിടികൂടിയത് യാതൊരു മാർഗനിർദ്ദേശവും പാലിക്കാതെയാണ്. യൂനിഫോം ഇല്ല, ഷൂസില്ല, വനംവാച്ചർ രാജവെമ്പാലയെ പിടികൂടുന്നതാകട്ടെ മുണ്ടും ഷർട്ടും ധരിച്ചാണ്. ഇത് അനുവദനീയമല്ലെന്നാണ് വനംവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്.
പാമ്പുകളെയും വന്യമൃഗങ്ങളെയും റസ്ക്യൂ ചെയ്യുമ്പോൾ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണം എന്ന് പ്രത്യേകം നിയമാവലിയുണ്ട്. അത് നിരീക്ഷിക്കാനും സംവിധാനമുണ്ട്. എന്നാൽ കുറച്ചുപേർ മനഃപൂർവം അവഗണിക്കുന്നു എന്നാണ് ആക്ഷേപം. അതേസയമം വീഴ്ചകൾ ബോധ്യമായിട്ടും വനംവകുപ്പ് കണ്ണടക്കുന്നതും പതിവാകുന്നു.
മുമ്പ് കോട്ടയത്തുവെച്ച് മൂർഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ സംഭവം ഏറെ ചർച്ചയായതോടെയാണ് ശാസ്ത്രീയ പാമ്പുപിടിത്തം മാത്രമെ പാടുള്ളൂ എന്ന രീതിയിൽ വനംവകുപ്പ് നിലപാട് സ്വീകരിച്ചത്. ‘‘സർപ്പ’ നിലവിൽ വന്നത് 2021 ലാണ്. 2024 ൽ മത്രം 34,559 പാമ്പുകളെ റെസ്ക്യൂവർമാർ പിടികൂടിയിട്ടുണ്ട്.


