ഹിറ്റായി സ്നേഹിത എക്സ്റ്റെൻഷൻ സെന്ററുകൾ
text_fieldsതൊടുപുഴ: ഹിറ്റായി സ്നേഹിത എക്സ്റ്റെൻഷൻ സെന്ററുകൾ. മൂന്നര മാസത്തിനിടെ കൗൺസലിങ് സഹായം തേടിയെത്തിയത് ആയിരത്തഞ്ഞൂറിലേറെ പേർ. ആഭ്യന്തര വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ ഡിവൈ.എസ്.പി ഓഫിസുകളോടനുബന്ധിച്ച് തുടങ്ങിയ സ്നേഹിത സെന്ററുകളാണ് പ്രവർത്തനം തുടങ്ങി മൂന്നരമാസം പിന്നിടുമ്പോൾ ആയിരത്തഞ്ഞൂറിലേറെ പേർക്ക് ആശ്വാസമേകിയത്.
വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ ഭാഗമായാണ് എക്സ്റ്റെൻഷൻ സെൻററുകളുടെയും പ്രവർത്തനം. ഗാർഹിക പീഡനമുൾപ്പെടെ കേസുകളിലെ അതിജീവിതകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായങ്ങളൊരുക്കുന്നതോടൊപ്പം നിശ്ചിത കാലത്തേക്കുള്ള താമസ-ഭക്ഷണ-വൈദ്യസഹായ സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് ജില്ല ആസ്ഥാനങ്ങളിൽ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്.
2013 ൽ മൂന്ന് ജില്ലകളിലായി ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് 15 നാണ് എല്ലാ ജില്ലകളിലും ഡിവൈ.എസ്.പി ഓഫീസുകളോട് ചേർന്ന് എക്സ്റ്റൻഷൻ കേന്ദ്രങ്ങൾ തുടങ്ങിയത്. വിവിധ തരത്തിലുളള കേസുകളുമായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിങ് ഉൾപ്പടെ മാനസിക പിന്തുണ ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആഴ്ചയിൽ രണ്ടുദിവസം ഡിവൈ.എസ്.പി ഓഫിസുകളോട് അനുബന്ധമായ മുറികളിൽ പ്രത്യക പരിശീലനം ലഭിച്ച സ്നേഹിതയുടെ കമ്യൂണിറ്റി കൗൺസലർമാരാണ് ഇവർക്കാവശ്യമായ സഹായമൊരുക്കുന്നത്.സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 84 സ്നേഹിത കേന്ദ്രങ്ങളിലൂടെ കഴിഞ്ഞ മൂന്നരമാസത്തിനിടെ 1573 പേർക്കാണ് സഹായമേകിയത്. കൂടുതൽപേർ തൃശൂർ ജില്ലയിലാണ് -ഇവിടെ 252 പേരാണ് സ്നേഹിത കേന്ദ്രങ്ങളെ സമീപിച്ചത്.
ജില്ലയിൽ റൂറൽ സിറ്റി പരിധികളിലായി എ.സി.പി, ഡിവൈ.എസ്.പി ഓഫിസുകളോടനുബന്ധിച്ച് ഏഴ് കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 199 പേർ കൗൺസലിങ് സഹായം സ്വീകരിച്ച് എറണാകുളം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 187 പേർക്ക് സേവനം നൽകി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഇവിടെ ആറ് കേന്ദ്രങ്ങളാണുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറച്ചുപേർ സഹായം തേടിയത്; മൂന്നരമാസത്തിനിടെ 14 പേരാണ് ഇവിടെ സ്നേഹിത എക്സ്റ്റെൻഷൻ സെന്ററുകളിലെത്തിയത്.