സാമൂഹിക പ്രവര്‍ത്തകൻ കെ.എസ്. ഉമര്‍ നിര്യാതനായി
text_fieldsകുറ്റ്യാടി: സാമൂഹിക പ്രവര്‍ത്തകൻ കെ.എസ്. ഉമര്‍ (84) നിര്യാതനായി. കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക, ജനസേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 32 വര്‍ഷത്തോളം യുഎഇയില്‍ പ്രവാസിയായിരുന്നു.
പ്രവാസകാലത്തും തുടര്‍ന്ന് നാട്ടിലും കുറ്റ്യാടി കാരുണ്യ, കരുണ, തണല്‍, നന്മ പാലിയേറ്റീവ് എന്നീ പാലിയേറ്റീവ് സംരംഭങ്ങളുടെയും കുറ്റ്യാടി ഇസ്‌ലാമിയ കോളജ്, പേരാമ്പ്ര ദാറുന്നുജൂം യത്തീംഖാന തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സും പിന്തുണക്കാരനുമായിരുന്നു. കുറ്റ്യാടി ബസ് സ്റ്റാന്‍ഡിനായി രണ്ട് ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയിരുന്നു.
അഗതികളായ നിരവധി പെണ്‍കുട്ടികളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുകയും സ്വര്‍ണമുള്‍പ്പെടെ നല്‍കി വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്ത വ്യക്തി കൂടിയാണ് കെ.എസ് ഉമര്‍. വിധവകള്‍ ഉള്‍പ്പെടെയുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും മത സംഘടനകളിലേയും നേതാക്കളുമായും പ്രവര്‍ത്തകരുമായും അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, സമൂഹത്തില്‍ എല്ലാവരുടെയും ആദരവും സ്‌നേഹവും നേടിയ വ്യക്തിത്വമായിരുന്നു.
ഭാര്യ: മറിയം (കയ്യാലക്കല്‍). മക്കള്‍: അഫ്സല്‍ ഷാജഹാന്‍, ഫാസില്‍ ഷാജഹാന്‍, ഫായിസ് ഷാജഹാന്‍, ഫൗസിയ സുബൈര്‍, ഫര്‍ഹ ഹഫ്‌സല്‍, നാഫില യൂനുസ്, ബഹ്ജ ഫഹദ്. മരുമക്കള്‍: സുബൈര്‍, ഹഫ്‌സല്‍, യൂനുസ്, ഫഹദ്.
സഹോദരങ്ങള്‍: കെ.എസ്. കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, അന്ത്രു, ഇബ്രായിക്കുട്ടി, കദീശ, കുഞ്ഞിപ്പാത്തു, മറിയം.


