സോളാർ: ബില്ലിങ് രീതി പരിഷ്കരിക്കണം -കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സൗരോർജ മേഖലയിൽ നിലവിലെ ബില്ലിങ് രീതി പരിഷ്കരിക്കൽ അനിവാര്യമെന്ന് കെ.എസ്.ഇ.ബി. സോളാർ വൈദ്യുതോൽപാദനത്തിൽ നിർണായകമായ കരട് ചട്ടഭേദഗതി സംബന്ധിച്ച തെളിവെടുപ്പ് റഗുലേറ്ററി കമീഷൻ തുടരവെയാണ് കെ.എസ്.ഇ.ബി നിലപാട് വ്യക്തമാക്കിയത്. ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിക്കെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിലാണിത്. പകൽ ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം സൗരോർജ ഉൽപാദകർക്ക് നെറ്റ് മീറ്ററിങ്ങിന് പുറമെയുള്ള മറ്റ് ബില്ലിങ് രീതികളായ നെറ്റ് ബില്ലിങ്, ഗ്രോസ് മീറ്ററിങ് തുടങ്ങിയവ നടപ്പാക്കിയെന്നും കെ.എസ്.ഇ.ബി വാദിക്കുന്നു.
1500 മെഗാവാട്ടാണ് നിലവിൽ സംസ്ഥാനത്തെ ആകെ സൗരോർജ സ്ഥാപിതശേഷി. ഇതിൽ 1200 മെഗാവാട്ടും പുരപ്പുറ സൗരോർജ പ്ലാന്റുകളിൽ നിന്നാണ്. വൈദ്യുതി ആവശ്യകത കുറഞ്ഞ പകൽ സമയത്തെ സൗരോർജ വൈദ്യുതി വിനിയോഗിക്കുന്നതിന് കെ.എസ്.ഇ.ബി ദീർഘകാല കരാറുകൾ വഴിയുള്ള വൈദ്യുതി എടുക്കാതിരിക്കുകയോ ആഭ്യന്തര ജലവൈദ്യുതി നിലയങ്ങളിലെ ഉൽപാദനം കുറക്കുകയോ ചെയ്യാറുണ്ട്. എന്നാൽ, സോളാർ നിലയങ്ങളുടെ എണ്ണം വർധിച്ചപ്പോൾ ഇത്തരത്തിലുള്ള നിയന്ത്രണം പ്രായോഗികമല്ലാതായി. നെറ്റ് മീറ്ററിങ് സംവിധാനം നിലവിലുള്ളതിനാൽ പകൽ ഗ്രിഡിലേക്ക് നൽകുന്ന വിലകുറവുള്ള വൈദ്യുതിക്ക് പകരം ഉൽപാദകർക്ക് അത്രതന്നെ അളവിൽ രാത്രിയിലെ വിലകൂടിയ വൈദ്യുതി നൽകേണ്ടിവരുന്നു.
ഇത് സ്ഥാപനത്തിന്റെ ബാധ്യത കൂട്ടുകയാണ്. പകൽ വലിയതോതിൽ സോളാർ വൈദ്യുതി ഗ്രിഡിലേക്ക് വരുന്നത് വൈദ്യുതി ശൃംഖലയുടെ സ്ഥിരതയെ ബാധിക്കുന്നുമുണ്ട്. സോളാർ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലം ഗ്രിഡിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്ക് ഡീവിയേഷന്‍ ചാർജ് ഇനത്തിൽ കെ.എസ്.ഇ.ബി വലിയ തുക നൽകേണ്ടിയും വരുന്നു. ഇത്തരം അധികച്ചെലവുകളെല്ലാം സൗരോർജ നിലയങ്ങള്‍ സ്ഥാപിക്കാത്ത ഭൂരിപക്ഷം സാധാരണ ഉപഭോക്താക്കളുടെ താരിഫ് നിരക്കിലാണ് പ്രതിഫലിക്കുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. അതേസമയം, കരട് നയത്തിലെ തെളിവെടുപ്പ് ഓൺലൈനായി വ്യാഴാഴ്ചയും തുടരും. ഈ മാസം 16ന് തെളിവെടുപ്പ് പൂർത്തിയാകും.