ഫിക്സഡ് ചാർജ്; നിയമ പോരാട്ടം തുടരാൻ സൗരോർജ ഉൽപാദകർ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫിക്സഡ് ചാർജ് വിഷയത്തിൽ വൈദ്യുതി റെഗുലേറ്ററി കമീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിനെതിരെ നിയമ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. കെ.എസ്.ഇ.ബിയുടെ വാദം അംഗീകരിച്ച് മാത്രം പുറപ്പെടുവിച്ച ഉത്തരവാണിതെന്ന് വിമർശിക്കുന്ന സൗരോർജ ഉൽപാദകർ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമീഷനുകളുടെ അപ്പലേറ്റ് അതോറിറ്റിയായ ആപ്ടെലിനെ (അപ്പലേറ്റ് ട്രൈബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി) സമീപിക്കുന്നതടക്കം പരിഗണനയിലുണ്ട്.
പുരപ്പുറ സോളാർ പ്ലാൻറുകളിൽനിന്ന് ഉൽപാദിപ്പിച്ച് വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതി കൂടി കണക്കാക്കി ഫിക്സഡ് ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബി നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സൗരോർജ ഉൽപാദകർ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനെ സമീപിച്ചത്. തുടർന്ന് പരാതിക്കാരെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി തെളിവെടുപ്പും നടത്തി. സാധാരണ കമീഷന്റെ കോർട്ട് ഹാളിൽ നടക്കുന്ന തെളിവെടുപ്പുകളിൽ ആർക്കും പങ്കെടുക്കാമെന്നിരിക്കെ പരാതിക്കാരെ മാത്രം പ്രവേശിപ്പിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് വാദം കേട്ടത്.
തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ സൗരോർജ ഉൽപാദകരുടെ വാദം അംഗീകരിക്കാനാവില്ലെന്നും ഫിക്സഡ് ചാർജ് പിരിക്കുന്നത് ഒഴിവാക്കാനാവില്ലെന്നും കമീഷൻ വ്യക്തമാക്കുകയായിരുന്നു. നിലവിൽ ഈടാക്കുന്ന പ്രകാരമോ കണക്ടഡ് ലോഡ് അടിസ്ഥാനത്തിലോ ഫിക്സഡ് ചാർജ് നൽകണമെന്നാണ് കമീഷൻ ഉത്തരവ്. ഫിക്സഡ് ചാർജ് നേരത്തേ കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽനിന്ന് സ്വീകരിക്കുന്ന വൈദ്യുതിക്ക് (ഇംപോർട്ട്) മാത്രമാണ് ഈടാക്കിയിരുന്നത്.
2022 നവംബർ-ഡിസംബർ മുതൽ സോളാർ പ്ലാൻറിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നതും ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്നതുമായ മൊത്തം വൈദ്യുതിയും ചേർത്ത് ഫിക്സഡ് ചാർജ് പിരിക്കുകയാണ്. ഇത് നീതിയല്ലെന്നായിരുന്നു പുരപ്പുറ സോളാർ ഉടമകളുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സിയുടെ വാദം. അതേസമയം, സോളാർ വൈദ്യുത മേഖലയിൽ മാറ്റങ്ങൾ നിർദേശിക്കുന്ന ചട്ടഭേദഗതിയും നിയമക്കുരുക്കിലാണ്.


