Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്റെ...

സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായി ജനം തിരസ്കരിക്കുന്നു എന്നത് ഏറ്റവും വലിയ പ്രതീക്ഷ -സോളിഡാരിറ്റി

text_fields
bookmark_border
സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായി ജനം തിരസ്കരിക്കുന്നു എന്നത് ഏറ്റവും വലിയ പ്രതീക്ഷ -സോളിഡാരിറ്റി
cancel

കോഴിക്കോട്: സി.പി.എം തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ പ്രചാരണത്തിനേറ്റ കനത്ത പ്രഹരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എം. സ്വരാജിന്റെ തോൽവിയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. സി.പി.എം-ഹിന്ദുത്വ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച ചർച്ചകളിൽ നിന്നും ഒഴിഞ്ഞ് മാറാൻ സി.പി.എം ഉപയോഗിച്ച ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായ ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തിരസ്കരിക്കുന്നു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ. നിലമ്പൂരിലെ ജനങ്ങളുടെ രാഷ്ട്രീയ തീരുമാനത്തോടൊപ്പം ഉറച്ചുനിൽക്കാൻ ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ് പാർട്ടിക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പി.വി. അൻവറിന് ലഭിച്ച വോട്ടുകൾ കേവലം വ്യക്തിപ്രഭാവം എന്നതിലുപരി അൻവർ മുന്നോട്ട് വെച്ച വിഷയങ്ങളെ ജനം മുഖവിലക്കെടുത്തിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണെന്നും തൗഫീഖ് അഭിപ്രായപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം:

നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടർമാർ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ചിരിക്കുന്നു. കേരളരാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടായിരിക്കണം എന്നതിന്റെ കൃത്യമായ ദിശാസൂചിയാണ് ഈ വിജയം, അത് വലിയ പ്രതീക്ഷ നൽകുന്നു.

ഭരണകൂടവും അതിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനവും സംഘപരിവാർ ശക്തികൾക്ക് മുന്നിൽ പൂർണ്ണമായി വഴങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിലമ്പൂരിൽ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഭരണപക്ഷത്തുനിന്നുള്ള ഒരു മുസ്‌ലിം എം.എൽ.എ.ക്ക് രാജിവെക്കേണ്ടി വന്ന അത്യന്തം ഖേദകരമായ സാഹചര്യത്തിന് ശേഷവും, ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത് കടുത്ത വർഗീയ ധ്രുവീകരണത്തിലും മുസ്‌ലിം വിരുദ്ധതയിലും ഊന്നിയാണ്.

സി.പി.എമ്മിന്റെ വർധിച്ചുവരുന്ന ഹിന്ദുത്വവൽക്കരണം പ്രകടമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. പ്രചാരണത്തിന്റെ തുടക്കത്തിൽ ഹിന്ദുമഹാസഭാ നേതാക്കളുമായി ചർച്ച നടത്തുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തവർ, പിന്നീട് സംഘപരിവാറിനെപ്പോലും നാണിപ്പിക്കും വിധം പഹൽഗാം സംഭവത്തെ മുൻനിർത്തി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഹീനമായ നുണപ്രചാരണങ്ങൾ അഴിച്ചുവിടുന്നതാണ് കണ്ടത്. സംഘപരിവാറിന്റെ അതേ മാതൃകയിൽ, മുസ്‌ലിം സംഘടനകളുടെയും വ്യക്തികളുടെയും മേൽ രാജ്യസ്നേഹത്തിന്റെ അമിതഭാരം ചുമത്തുകയും, രാഷ്ട്രത്തോടുള്ള കൂറ് നിരന്തരം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ശൈലിയുടെ കേരളത്തിലെ പതിപ്പാണ് സി.പി.എം ഈ തിരഞ്ഞെടുപ്പിൽ പുറത്തെടുത്തത്.

അവസാനത്തെ മുസ്‌ലിം വിരുദ്ധ വോട്ടും സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ, തിരഞ്ഞെടുപ്പിന്റെ തലേദിവസം പാർട്ടി സെക്രട്ടറി തന്നെ ആർ.എസ്.എസുമായുള്ള ഇടപാടുകളുടെ 'സത്യസന്ധമായ' വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഹിന്ദുമഹാസഭയുമായുള്ള 'രഹസ്യ' ചർച്ചയിൽ തുടങ്ങി, ആർ.എസ്.എസ്. ബന്ധം 'പരസ്യമാക്കുന്നതിൽ' അവസാനിച്ച ഈ പ്രചാരണതന്ത്രം യാദൃശ്ചികമായിരുന്നില്ല. മറിച്ച്, കഴിഞ്ഞ കുറച്ചുകാലമായി സി.പി.എം. കേരളത്തിൽ സ്വീകരിക്കുന്ന സംഘപരിവാർ അനുകൂല നിലപാടുകളുടെ സ്വാഭാവികമായ തുടർച്ചയായിരുന്നു അത്.

സി.പി.എം തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ പ്രചാരണത്തിനേറ്റ കനത്ത പ്രഹരമാണ് ഈ ഇലക്ഷൻ റിസൽട്ട്. പി.വി. അൻവറിന് ലഭിച്ച വോട്ടുകൾ കേവലം വ്യക്തി പ്രഭാവം എന്നതിലുപരി അൻവർ മുന്നോട്ട് വെച്ച വിഷയങ്ങളെ ജനം മുഖവിലക്കെടുത്തിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

സി.പി.എം-ഹിന്ദുത്വ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച പ്രസ്തുത ചർച്ചകളിൽ നിന്നും ഒഴിഞ്ഞ് മാറാൻ സി.പി.എം ഉപയോഗിച്ച ഇസ്‍ലാമോഫോബിക് സ്ട്രാറ്റജിയെ തുടർച്ചയായ ഉപതിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തിരസ്കരിക്കുന്നു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ. ഈ പ്രതീക്ഷ കെടാതെ സൂക്ഷിക്കാനും, നിലമ്പൂരിലെ ജനങ്ങളുടെ രാഷ്ട്രീയ തീരുമാനത്തോടൊപ്പം ഉറച്ചുനിൽക്കാനും ആര്യാടൻ ഷൗക്കത്തിനും കോൺഗ്രസ് പാർട്ടിക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Show Full Article
TAGS:solidarity youth movement islamophobia CPM Nilambur By Election 2025 
News Summary - Solidarity Youth Movement Kerala against CPM islamophobic strategy
Next Story