അച്ഛൻ മരിച്ചതറിഞ്ഞ് മകൻ വീട് പൂട്ടിപ്പോയി; മൃതദേഹം കിടത്തിയത് വീട്ടുമുറ്റത്ത്
text_fieldsതോമസിന്റെ മൃതദേഹം വീട്ടുമുറ്റത്ത് കിടത്തിയപ്പോൾ. സമീപം ഭാര്യ റോസിലി. ഉൾച്ചിത്രത്തിൽ തോമസ്
അരിമ്പൂർ (തൃശൂർ): മകന്റെ പീഡനത്തെ തുടർന്ന് വീടുവിട്ട് അഗതിമന്ദിരത്തിൽ അഭയംതേടേണ്ടിവന്ന പിതാവിന് മരണശേഷവും ദുർവിധി. അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിൽ പ്ലാക്കൻ വീട്ടിൽ തോമസിന്റെ (78) മൃതദേഹമാണ്, മകൻ വീട് പൂട്ടി സ്ഥലംവിട്ടതിനെ തുടർന്ന് മണിക്കൂറുകളോളം സ്വന്തം വീട്ടുമുറ്റത്ത് കിടത്തേണ്ടിവന്നത്.
മകനും മരുമകളും മർദിക്കുന്നുവെന്ന് കാണിച്ച് ഏതാനും മാസം മുമ്പാണ് തോമസും ഭാര്യ റോസിലിയും അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് ഇവർ വീടുവിട്ടിറങ്ങി. നാട്ടുകാർ അറിയിച്ചതനുസരിച്ച് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും മണലൂരിലെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. മകനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച്ഓഫ് ചെയ്തിരുന്നു. തുടർന്ന് മൃതദേഹം വീട്ടുമുറ്റത്ത് കിടത്തി അന്ത്യകർമങ്ങൾ നടത്തി. വൈകീട്ട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ സംസ്കരിച്ചു.