സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിച്ചത് തളിപ്പറമ്പിലും യു.ഡി.എഫിന് തലവേദന
text_fieldsതളിപ്പറമ്പ്: ഇരിക്കൂറിൽ എ ഗ്രൂപ് നേതാവ് സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിച്ചത് തളിപ്പറമ്പിലും യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനം അവതാളത്തിലായി.
ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.വി. രവീന്ദ്രൻ എന്നിവർ അടക്കം എ ഗ്രൂപ്പിൽ ഉൾപ്പെട്ട ഒട്ടേറെ നേതാക്കൾ രാജിവെക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് തളിപ്പറമ്പിലും പ്രചാരണപ്രവർത്തനം താറുമാറായത്. സോണി സെബാസ്റ്റ്യന് ഇരിക്കൂറിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയുള്ള പ്രതിഷേധം കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്കാണ് കാരണമായത്.
തളിപ്പറമ്പ് മണ്ഡലത്തിലും അതിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിയോജകമണ്ഡലം കൺവെൻഷൻ വിളിക്കില്ല എന്ന തീരുമാനത്തിലാണ് തളിപ്പറമ്പിലെ ഭാരവാഹികൾ.
തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കമ്മിറ്റികളും ഒമ്പതു മണ്ഡലം കമ്മിറ്റികളും ഉൾെപ്പടെ എ ഗ്രൂപ്പിെൻറ പക്ഷത്താണ്. ഇവരടക്കം 35 ഭാരവാഹികൾ ഞായറാഴ്ച രാജിവെച്ചിരുന്നു. കൂടാതെ, തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തെക്കുറിച്ചും ഗ്രൂപ് പ്രശ്നങ്ങൾ നിലവിലുണ്ട്.
രണ്ട് ബ്ലോക്ക് കമ്മിറ്റിയും എ.ഐ.സി.സി നിരീക്ഷകനും ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദനെൻറ പേരായിരുന്നു നിർദേശിച്ചിരുന്നത്. രമേശ് ചെന്നിത്തല മുൻകൈ എടുത്തുകൊണ്ട് വി.പി. അബ്ദുൽ റഷീദിനെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതും എ ഗ്രൂപ്പിെൻറ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.