ബഹിരാകാശ ദൗത്യം; എൻ.ഐ.ഐ.എസ്.ടിയും വി.എസ്.എസ്.സിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
text_fieldsതിരുവനന്തപുരം: ബഹിരാകാശ പദ്ധതികള്‍ക്കുള്ള തന്ത്രപ്രധാന വസ്തുക്കള്‍ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്താനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സി.എസ്.ഐ.ആര്-എൻ.ഐ.ഐ.എസ്.ടി) വിക്രം സാരാഭായ് സ്പേസ് സെന്ററുമായി (വി.എസ്.എസ്.സി) സമഗ്ര ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
എൻ.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായരുമായി സംയുക്ത ധാരണാപത്രം കൈമാറി. ബഹിരാകാശ പദ്ധതികള്‍ക്കായുള്ള തന്ത്രപ്രധാന ലോഹസങ്കരമടക്കം നവീന ഉൽപന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ധാരണ. കേന്ദ്ര സര്‍ക്കാരിന്റെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് കീഴിലെ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമായ എൻ.ഐ.ഐ.എസ്.ടി ബഹിരാകാശ മേഖലയിലെ ഗവേഷണത്തിലും വികസനത്തിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഉന്നത നിലവാരമുള്ള മെറ്റീരിയലുകളും ഇലക്ട്രോണിക്സ് ഘടകങ്ങളും ഐ.എസ്.ആർ.ഒക്ക് ആവശ്യമാണ്.