ഓണത്തിന് സ്പെഷൽ അരി; റേഷനിൽ ഇത്തവണ വൻവെട്ട്
text_fieldsകോഴിക്കോട്: ഓണത്തിന് സ്പെഷൽ അരി നൽകിയതിന്റെ പേരിൽ ഈ മാസത്തെ റേഷൻ വിഹിതം വെട്ടിക്കുറച്ച് പൊതുവിതരണ വകുപ്പ്. എല്ലാ മാസവും വെള്ളക്കാർഡുകാർക്ക് ആറുകിലോ അരിയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ മാസം ഇത് രണ്ടുകിലോ നൽകിയാൽ മതിയെന്നാണ് റേഷൻ കടകൾക്ക് നൽകിയ നിർദേശം. നീല കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ മുൻ മാസങ്ങളിൽ അനുവദിച്ചിരുന്ന മൂന്നുകിലോ അരിയും ഈ മാസം ഉണ്ടാവില്ല.
ഓണത്തിന് സ്പെഷൽ അരി വിതരണം ചെയ്തതിനാൽ ഈ മാസം ലഭിച്ച അരിവിഹിതം കുറവായതിനാലാണ് വെള്ളക്കാർഡുകാർക്കുള്ള അരിവിഹിതം കുറഞ്ഞതെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. അരിയുടെ ലഭ്യത അനുസരിച്ചാണ് മുൻഗണന കാർഡുകാർക്കുള്ള വിഹിതം നിശ്ചയിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, ഓണത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ റേഷൻ കടകളിൽ ഓണം സ്പെഷൽ അരി വിതരണം അവസാനിപ്പിച്ചു. ഇത് കാരണം പലർക്കും സ്പെഷൽ അരി വാങ്ങാനായില്ല. മുൻ വർഷങ്ങളിൽ തിരുവേണത്തിന്റെ തലേദിവസം വരെ സ്പെഷൽ അരി വിതരണം ചെയ്തിരുന്നു. 20-30 ശതമാനത്തോളം ആളുകൾ ഇനിയും സ്പെഷൽ അരി വാങ്ങിയിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. എന്നാൽ, ഇത്തവണ ആഗസ്റ്റ് ആദ്യം മുതൽ സ്പെഷൽ അരി വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച് ചോദിക്കുമ്പോൾ ഭക്ഷ്യവിതരണ വിഭാഗം നൽകുന്ന മറുപടി.


