ലോ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേക സീറ്റ്
text_fieldsകൊച്ചി: സംസ്ഥാനത്തെ ലോ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേക സീറ്റിന് അനുമതി. സൂപ്പർന്യുമറിയായി രണ്ട് സീറ്റ് വീതം അനുവദിക്കാൻ തീരുമാനിച്ചതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഹൈകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ നേരത്തേ കോടതി നിർദേശം നൽകിയതിനെത്തുടർന്ന് ബാർ കൗൺസിൽ പ്രത്യേക യോഗം ചേർന്ന് അനുമതി നൽകുകയായിരുന്നു.
കോഴിക്കോട് ഗവ. ലോ കോളജില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എൽ.ബി കോഴ്സിലെ പ്രവേശനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് കോഴിക്കോട് ചൊവായൂര്‍ സ്വദേശി ഈസായ് ക്ലാര നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2025-26 അക്കാദമിക് വർഷം മൂന്ന്/അഞ്ച് വർഷ എൽഎൽ.ബി കോഴ്സുകൾക്ക് രണ്ടുവീതം സീറ്റുകൾ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ലഭിക്കും. ഹരജി വെള്ളിയാഴ്ച ജസ്റ്റിസ് വി.ജി. അരുൺ വീണ്ടും പരിഗണിക്കും.


