Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിലെ റവന്യൂ...

അട്ടപ്പാടിയിലെ റവന്യൂ രേഖകൾ പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഉത്തരവ്

text_fields
bookmark_border
അട്ടപ്പാടിയിലെ റവന്യൂ രേഖകൾ പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഉത്തരവ്
cancel

തൃശൂർ: അട്ടപ്പാടി താലൂക്കിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഭൂമിയുടെ അടിസ്ഥാന രേഖകൾ പരിശോധിക്കാൻ പ്രത്യേക റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കാൻ ഉത്തരവ്. റവന്യൂ വകുപ്പിന്‍റെ ഉത്തരവിൽ ലാൻഡ് റവന്യൂ കമീഷണർ ജീവൻ ബാബുവിനും പാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടിക്കുമാണ് നിർദ്ദേശം നൽകിയത്. ഇരട്ടക്കുളത്തെ കാർഷകനായ കൃഷ്ണസ്വാമിയുടെ ആത്മഹത്യയെ തുടർന്ന് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവിറക്കിയത്.

സർക്കാർ ഭൂമിയോ ആദിവാസി ഭൂമിയോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനും അവകാശ പരിശോധന നടത്തുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കണം. ഡിജിറ്റൽ സർവേ രേഖകൾ, എ ആൻഡ് ബി രജിസ്റ്ററുകൾ, സെറ്റിൽമെന്റ് രജിസ്റ്റർ എന്നിവയും അവയുമായി ബന്ധപ്പെട്ട കൈവശക്കാരുടെ പക്കലുള്ള രേഖകളും പരിശോധിക്കുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ലാൻഡ് റവന്യൂ കമീഷണർക്ക് നിർദേശം നൽകിയത്.

കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത കേസിൽ ഗുരുതരമായ പിശകുകളോടെ രേഖകൾ തയാറാക്കി രജിസ്റ്റർ ചെയ്യാൻ അനുവദിച്ചതായി കണ്ടെത്തി. ഉടമസ്ഥാവകാശമോ സ്ഥലപരിശോധനയോ നടത്താതെ വിശദമായ പരിശോധനയില്ലാതെ മ്യൂട്ടേഷൻ നടപടികൾ ആരംഭിച്ചു. ഇത്തരം ഗുരുതര പാളിച്ചകളാണ് നിരപരാധിയായ വ്യക്തിയുടെ ദാരുണമായ ആത്മഹത്യക്ക് കാരണമായത്. ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തി അവയും അടിയന്തിരമായി അന്വേഷി‌ക്കണം.

അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലും ഡിജിറ്റൽ റീസർവേ പുരോഗമിക്കുകയാണ്. ശരിയായ മ്യൂട്ടേഷൻ അടിസ്ഥാനമാക്കി നൽകിയതല്ലെങ്കിൽ നിലവിലുള്ള രേഖകളും താൽക്കാലിക നികുതി രസീതുകളും അവകാശത്തിന്‍റെ ഉറപ്പായ തെളിവായി കണക്കാക്കാൻ കഴിയില്ല. അതിനാൽ വകുപ്പ് ഒമ്പത് (രണ്ട്) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തയാറാക്കപ്പെടുന്ന അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനക്ക് വിധേയമാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ, ചില വില്ലേജ് ജീവനക്കാർ എന്നിവർ നിയമത്തിനും നിലവിലുള്ള നടപടിക്രമങ്ങൾക്കും വിരുദ്ധമായാണ് പ്രവർത്തിച്ചത്. ഇവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനും സംവിധാനപരമായ പാളിച്ചകൾ കണ്ടെത്തുന്നതിനുമായി വിശദമായ പരിശോധന നടത്തണം.

യഥാർഥ അവകാശമോ നിയമപരമായ കൈവശമോ ഇല്ലാതെ ഭൂമി കൈയേറുന്നതിനായി സമാന സ്വഭാവത്തിലുള്ള രേഖകൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും, അവയുടെ പരിശോധനയും കൂടാതെ മ്യൂട്ടേഷൻ അനുവദിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.

കൃഷ്ണസ്വാമിയുടെ കേസിൽ മ്യൂട്ടേഷൻ ആരംഭിച്ച സമയത്തെ വില്ലേജ് ഓഫിസറായിരുന്ന എസ്. ഉഷാകുമാരി ഇപ്പോൾ താലൂക്ക് ഓഫിസിൽ ഹെഡ് ക്ലർക്കാണ്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പൂർത്തിയാകുന്നതുവരെ അവരെ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റണം.

നിയമ വിരുദ്ധമായ രീതിയിൽ ആധാരം രജിസ്റ്റർ ചെയ്ത് നൽകിയതിന് പിന്നിൽ രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാരുടെയും, ലൈസൻസുള്ള ആധാരം എഴുത്തുകാരുടെയും പങ്കിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാൻ രജി‌സ്ട്രേഷൻ വകുപ്പിനെ അറിയിക്കണം.

അട്ടപ്പാടി താലൂക്കിലെ വില്ലേജുകളിൽ വകുപ്പ് 9(2) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാണെന്ന് ഉറപ്പാക്കുന്നതിനായി പാലക്കാട് കലക്ടർക്കും, സർവെ ഡയറക്ടർക്കും ആവശ്യമായ നിർദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Show Full Article
TAGS:revenue records Attappadi Kerala News land Encrochment 
News Summary - special team to examine revenue records in Attappadi
Next Story