സ്പൈസ് ജെറ്റ് ദുബൈ സര്‍വിസ് റദ്ദാക്കി: യാത്രക്കാര്‍ പ്രതിഷേധിച്ചിട്ടും ബദൽ സംവിധാനം ഒരുക്കിയില്ല
text_fieldsകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റിന്റെ ദുബൈ സർവിസ് റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റിന്റെ ദുബൈ സർവിസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. ബുധനാഴ്ച വൈകീട്ട് 6.40ന് പുറപ്പെടേണ്ട വിമാന സർവിസാണ് റദ്ദാക്കിയത്. ഇക്കാര്യം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. വിമാനത്താവളത്തിലെത്തിയ ശേഷം സാങ്കേതിക കാരണങ്ങളാല്‍ സർവിസ് റദ്ദാക്കിയതായുള്ള കമ്പനിയുടെ അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാര്‍ ക്ഷുഭിതരായി രംഗത്തെത്തുകയായിരുന്നു.
സ്ത്രീകളുള്‍പ്പെടെ 170 യാത്രക്കാരാണ് വിമാനത്താല്‍ പോകാനായി ടിക്കറ്റെടുത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. മുടങ്ങിയ സർവിസിന് പകരം ബദല്‍ യാത്രാസൗകര്യങ്ങളൊന്നും കമ്പനി അറിയിച്ചതുമില്ല. വിമാനത്താവളത്തിലെ സ്പൈസ് ജെറ്റ് കൗണ്ടറിന് മുന്നില്‍ കൂട്ടമായെത്തി യാത്രക്കാര്‍ നടത്തിയ പ്രതിഷേധം ഏറെ നേരം നീണ്ടു. വിസ കാലാവധി തീരുന്നവരും ദുബൈയില്‍ അത്യാവശ്യമായി എത്തേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.
തിങ്കളാഴ്ചയും സമാനമായ സംഭവം വിമാനത്താവളത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.40ന് ദുബൈയിലേക്ക് സർവിസ് നടത്തേണ്ടിയിരുന്ന ഇതേ വിമാനം റദ്ദാക്കിയിരുന്നു.
ഈ വിമാനത്തിലെ യാത്രക്കാരെ ചൊവ്വാഴ്ച കൊണ്ടുപോകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ബദല്‍ സർവിസും റദ്ദാക്കി. ബദല്‍ യാത്രാസൗകര്യത്തിന് പകരം ടിക്കറ്റ് തുക മടക്കിനല്‍കുമെന്ന അറിയിപ്പാണ് പിന്നീട് കമ്പനി അധികൃതരില്‍നിന്നുണ്ടായത്.


