സ്പോർട്സ് കൗൺസിൽ ക്രമക്കേടുകൾ; വിജിലൻസ് അന്വേഷണത്തിന് സാധ്യത
text_fieldsതിരുവനന്തപുരം: കഴിഞ്ഞസർക്കാറിന്റെ കാലത്തെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യതയേറി. പൈക്ക ഫണ്ട് തട്ടിപ്പ് മുതൽ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങളും ജഴ്സികളും നൽകുന്നതിലും ജി.വി. രാജ അവാർഡിൽ വരെ തിരിമറികൾ നടന്നതായി വ്യക്തമാകുകയാണ്.
ആ സാഹചര്യത്തിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യുമെന്ന നിലക്കാണ് കാര്യങ്ങൾ. കഴിഞ്ഞദിവസം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് നേരിട്ടെത്തി കായികമന്ത്രി ഒ.ജെ. ജനീഷ് ആക്ഷേപങ്ങൾ ശരിയാണെന്ന് വിലയിരുത്തി. സ്പോർട്സ് ഹോസ്റ്റലുകളിലുള്ള കുട്ടികൾക്ക് നൽകേണ്ട ജഴ്സികളും ഷൂസുകളും ഉൾപ്പെടെ വിതരണം ചെയ്യാതെ പലയിടങ്ങളിലായി പൂഴ്ത്തിവെച്ചെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.പൈക്ക ഉൾപ്പെടെ പദ്ധതികളുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉയർന്നെങ്കിലും അതിലൊന്നും നടപടികളുണ്ടായില്ല. ജോലിക്ക് ഹാജരാകുന്നതിൽ ജീവനക്കാർ കൃത്യത പാലിക്കുന്നില്ലെന്നും കോവിഡിന് ശേഷം പഞ്ചിങ് സംവിധാനം ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി.
മാറിമാറിവന്ന ഭരണസമിതിയുടെ കാലത്തൊക്കെ ഒരു ലോബിയായിരുന്നു ഇവിടത്തെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. സ്വജനപക്ഷപകതവും കെടുകാര്യസ്ഥതയും വ്യക്തമായിരുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും ജി.വി. രാജ അവാർഡ് വിതരണത്തിലും ടീമുകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിലുമൊക്കെ വലിയ വീഴ്ചയാണ് പുറത്തുവന്നത്.


