ശിരോവസ്ത്ര വിലക്ക്: ഹൃദയവേദനയോടെ ആ സ്കൂളിൽനിന്ന് ഇറങ്ങുന്നത് അനസിന്റെ രണ്ടു മക്കൾ
text_fieldsഅനസ്, സെന്റ് റീത്താസ് പബ്ലിക് സ്കൂൾ
കൊച്ചി: ‘തട്ടം ധരിച്ചതിന്റെ പേരിൽ എന്റെ മകൾ കേൾക്കാത്ത പഴികളില്ല. പറയുന്നത് അനുസരിക്കാത്ത അഹങ്കാരിയെന്നും ധിക്കാരിയെന്നും അധ്യാപിക വിളിച്ചിട്ടുണ്ട്. കുട്ടികൾക്ക് യൂനിഫോം നിർബന്ധമില്ലാതിരുന്ന ആർട്സ് ഡേയുടെ അന്നാണ് അവൾ സ്കൂളിൽ തട്ടം ഇട്ടു പോയത്. അതുവരെ എന്നും സ്കൂളിൽ കയറുന്നതിനു മുമ്പ് അഴിപ്പിച്ചുവെച്ചിരുന്നു. എല്ലാ ദിവസവും നിന്നോട് ഇതു പറയണോ എന്നാണ് അവർ ചോദിച്ചുകൊണ്ടിരുന്നത്.’ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്ര വിലക്കും അനുബന്ധ വിവാദങ്ങളുംമൂലം കടുത്ത മാനസിക വ്യഥയിലൂടെ കടന്നുപോകുന്ന എട്ടാം ക്ലാസുകാരിയുടെ പിതാവ് പി.എം. അനസ് ഇതു പറയുമ്പോൾ വേദനയും രോഷവും കലർന്നിരുന്നു.
സ്കൂളിൽനിന്നുണ്ടായ പൊള്ളുന്ന അനുഭവത്തിനു പിന്നാലെ സൈബറിടങ്ങളിലൂടെയും അല്ലാതെയുമായി നേരിടുന്ന വർഗീയ, അധിക്ഷേപ പരാമർശങ്ങളിൽ ഉള്ളുലഞ്ഞിരിക്കുകയാണ് ആ പെൺകുട്ടിയും കുടുംബവും. സ്കൂൾ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച വർഗീയ ധ്രുവീകരണ ശ്രമങ്ങളിലും കടുത്ത മാനസിക സമ്മർദത്തിലും മനംമടുത്ത് പെൺകുട്ടിയെയും അതേ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനെയും സ്കൂൾ മാറ്റിച്ചേർക്കാനൊരുങ്ങുകയാണ് പിതാവ്. സൈബറിടത്തിലെ അപരിചിതർ മാത്രമല്ല, ചുറ്റുമുള്ള അടുപ്പക്കാർപോലും അകാരണമായി കുറ്റപ്പെടുത്തുമ്പോൾ വീണ്ടും സമാധാന ജീവിതത്തിലേക്ക് തിരിച്ചുവരാൻ പാടുപെടുകയാണ് ആ പെൺകുട്ടി. പൊതുവിദ്യാലയത്തിലേക്ക് മന്ത്രി വി. ശിവൻകുട്ടി ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും നേരത്തെ മുതൽ സി.ബി.എസ്.ഇയിൽ പഠിച്ചതിനാൽ സി.ബി.എസ്.ഇ സ്കൂളിൽതന്നെ ചേരാനാണ് തീരുമാനമെന്നും അനസ് മാധ്യമത്തോട് പറഞ്ഞു.
‘ഈ അധ്യയനവർഷം എട്ടാം ക്ലാസിലേക്ക് മകൾക്കും അഞ്ചിലേക്ക് മകനും സ്കൂളിൽ പ്രവേശനം നേടിയപ്പോൾ തട്ടമിടാൻ പാടില്ലെന്നൊന്നും നിർദേശിച്ചിരുന്നില്ല. അങ്ങനെ ഒരു ഉടമ്പടിയിലും ഒപ്പുവെച്ചിട്ടുമില്ല. തട്ടമിടുന്നതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ എതിർപ്പ് മകൾ വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ ഭാര്യ മൂന്നുതവണ സ്കൂളിൽ പോയി മകളെ തട്ടമിടാൻ അനുവദിക്കണമെന്ന് അധികൃതരോട് വാക്കാൽ അഭ്യർഥിച്ചിരുന്നു. എന്നാൽ അവർ നിരസിച്ചു. ഇതിനിടെയാണ് ഒക്ടോബർ ഏഴിന് ആർട്സ് ഡേയിൽ തട്ടം ഒഴിവാക്കാൻ നിർബന്ധിച്ചതും പുറത്തേക്ക് പോവാൻ കൽപിച്ചതും. പിറ്റേന്നും ഇത് ആവർത്തിച്ചപ്പോൾ സ്കൂളിൽനിന്ന് അറിയിച്ചതനുസരിച്ച് ഞാൻ ചെന്നു. ഇവിടുത്തെ ബൈലോ അനുസരിച്ച് പ്രവർത്തിക്കാമെന്ന് എല്ലാ രക്ഷിതാക്കളെക്കൊണ്ടും ഒപ്പിടീപ്പിക്കാറുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞപ്പോൾ താനങ്ങനെ ഒപ്പിട്ടത് കാണിച്ചുതന്നാൽ മകളെ ടി.സി വാങ്ങി കൊണ്ടുപൊയ്ക്കോളാം എന്ന് മറുപടിയും നൽകി. അന്നേരം പി.ടി.എ പ്രസിഡന്റ് വളരെ മോശമായാണ് സംസാരിച്ചത്’ -അനസ് ചൂണ്ടിക്കാട്ടി.
അന്നു രാത്രിതന്നെ വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, സി.ബി.എസ്.ഇ ചെയർമാൻ, ഡി.ഡി.ഇ തുടങ്ങിയവർക്ക് പരാതി നൽകി. പത്താം തീയതി ടി.സി വാങ്ങാൻ പോയപ്പോൾ തന്റെ മനസ്സിന് മുറിവേൽപ്പിക്കുന്ന അനുഭവമുണ്ടായി. ഇവറ്റകളോടൊന്നും സംസാരിക്കാൻ നിൽക്കണ്ട, അവർക്ക് മറ്റെവിടെയും പ്രവേശനം കിട്ടാത്ത രീതിയിൽ രണ്ടാം വകുപ്പിൽ ടി.സി കൊടുത്തുവിട്ടേക്കൂ എന്നായിരുന്നു ഒരധ്യാപകന്റെ വാക്കുകൾ. ഒരു രക്ഷിതാവെന്ന നിലക്ക് അത് താങ്ങാനാവാത്തതായിരുന്നു. തിങ്കളാഴ്ച മുതൽ അവളെ ക്ലാസിൽ കയറാനും അനുവദിച്ചിട്ടില്ല.
വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ കൂടെനിന്നു. എന്നാൽ പലയിടത്തുനിന്നും പലതരം സമ്മർദങ്ങൾ നേരിടേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യതയുണ്ടെന്നും നമ്മളായി അതിന് വഴിയൊരുക്കരുതെന്നുമായിരുന്നു ഹൈബി ഈഡൻ എം.പിയുടെയും കെ. ബാബു എം.എൽ.എയുടെയും നിർദേശം. തൽക്കാലം അവിടെ പഠനം തുടരൂ, പിന്നീട് മാറ്റിച്ചേർക്കാമെന്നും അവർ പറഞ്ഞതായി അനസ് ചൂണ്ടിക്കാട്ടി. മകൾ നേരിട്ട മാനസിക പീഡനം മറ്റു കുട്ടികളെയും ബാധിച്ചിട്ടുണ്ടെന്നും അവളോട് ഐക്യദാർഢ്യപ്പെട്ട് ചില വിദ്യാർഥികൾ സ്കൂൾ മാറാൻ ടി.സിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അനസ് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണഘടന അവകാശം നിഷേധിക്കരുത് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർഥിനിയെ സ്കൂളിൽനിന്ന് പുറത്താക്കിയ സംഭവം ഭരണഘടന അവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്.
ഓരോ പൗരനും തങ്ങളുടെ വിശ്വാസവും ആചാരങ്ങളും പിന്തുടരാനും അത് പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശം ഇന്ത്യൻ ഭരണഘടനയുടെ 25ാം വകുപ്പ് ഉറപ്പുനൽകുന്നുണ്ട്. അതിനാൽ, മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളുടെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ഭാഗമായ ശിരോവസ്ത്ര ധാരണത്തെ ചോദ്യംചെയ്യുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. വിദ്യാഭ്യാസം പോലുള്ള മൗലിക അവകാശങ്ങൾ നിഷേധിക്കാനുള്ള കാരണമായി മതപരമായ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിക്കുന്നത് പൗരാവകാശ നിഷേധവും പ്രതിഷേധാർഹവുമാണ്.
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ് തങ്ങളുടെ നിലപാട് തിരുത്തുകയും വിദ്യാർഥിനിയുടെ ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിച്ച്, വിദ്യാഭ്യാസം തുടരാനുള്ള സംവിധാനമൊരുക്കുകയുമാണ് ചെയ്യേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാനമായ അവകാശ നിഷേധങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നും ടി.കെ. ഫാറൂഖ് പറഞ്ഞു.
പി.ടി.എ പ്രസിഡന്റിനെതിരെ കമ്മിറ്റി അംഗം
പള്ളുരുത്തി: സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന് കാട്ടി പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.ഇ. ജമീർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടർക്കും സൈബർ സെല്ലിനും പരാതി നൽകി. വിദ്യാർഥിനി ശിരോവസ്ത്രം ധരിച്ചതിനെതിരെ പി.ടി.എ എക്സിക്യൂട്ടിവിൽ ആലോചിച്ചാണ് നടപടി തീരുമാനിച്ചതെന്ന് പി.ടി.എ പ്രസിഡന്റ് പറഞ്ഞത് തെറ്റാണ്. അത്തരമൊരു തീരുമാനം കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല.
കേവലം തലമറക്കാൻ അനുവാദം നൽകണമെന്ന് അപേക്ഷിച്ച വിദ്യാർഥിനിയുടെ വാദത്തെ വളച്ചൊടിച്ച് അദ്ദേഹം പ്രശ്നം വഷളാക്കുകയായിരുന്നു. ഒരു സമുദായത്തെത്തന്നെ ഇകഴ്ത്തുന്ന നിലയിൽ പ്രചാരണങ്ങൾ ഉണ്ടായിട്ടും തിരുത്താൻ അദ്ദേഹം തയാറായില്ല. പകരം കാസ പോലുള്ള തീവ്രവർഗീയത പ്രചരിപ്പിക്കുന്ന സംഘടനയുടെ വക്താവെന്ന നിലയിൽ രംഗത്ത് വരുകയായിരുന്നു. മുഖ്യമന്ത്രി, ഡി.ഇ.ഒ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ഭാഗത്തുനിന്ന് സ്കൂളിന് ഭരണകൂട വേട്ടയാടലുണ്ടായി എന്ന ആരോപണവും പി.ടി.എ പ്രസിഡന്റ് ഉന്നയിച്ചിരുന്നു. പ്രസിഡന്റായി ജോഷിയെ തെരഞ്ഞടുക്കാൻ പി.ടി.എ ജനറൽബോഡി യോഗം വിളിച്ചുചേർത്തതായി രക്ഷിതാക്കൾക്ക് അറിയില്ലെന്ന ആക്ഷേപവും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. പി.ടി.എ ജനറൽ ബോഡിയുടെ മിനിറ്റ്സ്, യോഗത്തിൽ പങ്കെടുത്തവരുടെ ഹാജർ പട്ടിക, പി.ടി.എയുടെ ബൈലോ എന്നിവ രക്ഷിതാക്കൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.


