ആരവങ്ങളിലേക്കുരുളട്ടെ ചക്ര കസേര; ഭിന്നശേഷി സൗഹൃദമല്ല കേരളത്തിലെ സ്റ്റേഡിയങ്ങൾ
text_fieldsവര: അഷ്റഫ് കൂളിമാട്
കോഴിക്കോട്: ഭിന്നശേഷി പ്രതിഭ ഗനീം അൽ മുഫ്തഹ് ഉദ്ഘാടനവേദിയിൽ നിറഞ്ഞുനിന്നതിലൂടെ ഖത്തർ ഫുട്ബാൾ ലോകകപ്പ് ജനകോടികളുടെ ഹൃദയത്തിലേക്ക് പന്തുതട്ടിക്കയറുകയുണ്ടായി. കോഴിക്കോട്ടുകാരൻ അസീം വെളിമണ്ണയടക്കം എത്രയോ ഭിന്നശേഷിക്കാർ ദോഹയിലെത്തി ഇതിഹാസതാരങ്ങളെ നേരിട്ട് കണ്ടതും വലിയ വാർത്തയായി ആഘോഷിച്ചവരാണ് മലയാളികൾ. പക്ഷേ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കേരളത്തിലെ സ്റ്റേഡിയങ്ങളുടെ ഗാലറിയിലിരുന്ന് കായികമത്സരങ്ങൾ ആസ്വദിക്കാൻ സൗകര്യമുണ്ടോ? ഇല്ല, എന്നുതന്നെയാണ് ഉത്തരം. അവരുടെ ആഗ്രഹങ്ങൾ ടി.വിയിലോ മൊബൈൽ ഫോണിലോ ഒതുങ്ങുന്നു.
100 കോടി രൂപയോളം മുടക്കി ലയണൽ മെസ്സിയെയും ലോക ചാമ്പ്യന്മാരായ അർജന്റീനയെയും കേരളത്തിൽ കൊണ്ടുവന്ന് കളിപ്പിക്കാൻ സർക്കാർതലത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ, ഇവിടത്തെ സ്റ്റേഡിയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ പത്ത് ലക്ഷം രൂപപോലും വേണ്ടിവരില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. 2022ൽ മലപ്പുറം പയ്യനാട്ട് സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരങ്ങൾ നടന്നപ്പോൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ സംവിധാനമില്ലാതെ നിരാശയോടെ മടങ്ങിപ്പോയ ഭിന്നശേഷിക്കാരുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സ്ഥിരംവേദിയാണ് കൊച്ചി കലൂർ സ്റ്റേഡിയം. കോഴിക്കോട്ട് സൂപ്പർ ലീഗ് കേരളക്കും സന്തോഷ് ട്രോഫിക്കും ശേഷം ഐ ലീഗ് മത്സരങ്ങൾ തുടങ്ങുകയാണ്. എന്നാൽ, ഭിന്നശേഷിക്കാർ പടിക്ക് പുറത്ത് നിൽക്കണം. വീൽചെയറിൽ ഗാലറിയിലെത്താൻ നാലോ അഞ്ചോ പേർ എടുത്തുപൊക്കി കൊണ്ടുപോവുകയേ വഴിയുള്ളൂ. ഇതിന് പരിഹാരമെന്നോണം നിലവിലെ സ്റ്റേഡിയങ്ങളും നിർമിക്കാനിരിക്കുന്നവയും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് താരങ്ങളും ആരാധകരുമെല്ലാം ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നു.
കാതടപ്പിക്കുന്ന കോലാഹലം കൊതിപ്പിക്കുന്നു -റഹീസ് ഹിദായ (ഗ്രീൻ പാലിയേറ്റീവ് പ്രവർത്തകൻ)
ശാരീരിക വെല്ലുവിളി നേരിടുന്നൊരാൾക്ക് ഒറ്റക്ക് വാഹനമോടിച്ച് കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ മുറ്റത്തെത്താം. പക്ഷേ, അവിടെനിന്ന് സ്റ്റേഡിയത്തിലെ ഗാലറിയിൽ പ്രവേശിക്കാൻ നാലോ അഞ്ചോ പേരുടെ സഹായം വേണ്ടിവരും. നമ്മുടെ സ്റ്റേഡിയങ്ങളും ഗാലറികളും ഭിന്നശേഷി സൗഹൃദമല്ല എന്നാണ് ഇതിനർഥം. വിദേശമത്സരങ്ങൾ നടക്കുമ്പോൾ ബാൾ ബോയ്സും വോളന്റിയേഴ്സുമായിട്ടുപോലും വീൽചെയറിലുള്ളവരെ കാണാറുണ്ട്. കേരളത്തിലെ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളിൽ ലിഫ്റ്റ് സംവിധാനമുണ്ടെങ്കിലും ഗാലറിയിൽ വീൽചെയറിലിരുന്നത് കളികാണാൻ സൗകര്യമില്ല.
സ്പോർട്സ് എല്ലാവരുടെയും അവകാശമാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവർ കളികാണാത്തതുകൊണ്ടോ അതിനോട് താൽപര്യമില്ലാത്തതുകൊണ്ടോ അല്ല. സ്പോർട്സിനെ അതിശയിപ്പിക്കുന്ന രീതിയിൽ ഫോളോ ചെയ്യുന്ന, വലിയ അവഗാഹമുള്ള ഭിന്നശേഷിക്കാർ എന്റെ സുഹൃദ് വലയത്തിലുണ്ട്. അതിന്റെ ആവേശത്തിൽ ജീവിക്കുന്നവർ. പലപ്പോഴും കളികാണാൻ പോയി തിരിച്ചുവന്നവരുടെ സങ്കടകരമായ അനുഭവങ്ങളുണ്ട്. കിടപ്പിലാവുന്നതിന് മുമ്പ് കോഴിക്കോട് സ്റ്റേഡിയത്തിൽപോയി മത്സരങ്ങൾ ആസ്വദിച്ചിരൊന്നൊരാളാണ് ഞാൻ. പക്ഷേ, ഇപ്പോൾ സാധ്യമല്ല. സ്റ്റേഡിയത്തിന് പുറത്ത് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അകത്തെ ആരവങ്ങളും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും കൊതിപ്പിക്കാറുണ്ട്.
ഫിഫയുടെ മാർഗനിർദേശമുണ്ട് -ഷൈജു ദാമോദരൻ (കമന്റേറ്റർ)
സ്പോർട്സ് എല്ലാവരുടേതുമാണ്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും ഒരേപോലെ ആസ്വദിക്കാനും ആനന്ദിക്കാനുമുള്ളതാണ്. അതിൽ വിവേചനം പാടില്ല. നമ്മുടെ സ്റ്റേഡിയങ്ങളിലെ ഗാലറികളിൽ എല്ലാ മനുഷ്യരെയും ഉൾപ്പെടുത്തുന്ന, ഉൾക്കൊള്ളുന്ന സംവിധാനങ്ങളും സൗകര്യങ്ങളും വേണം. ഫിഫ അംഗീകൃത മത്സരങ്ങൾ ആസ്വദിക്കാൻ എല്ലാത്തരം ആളുകൾക്കും സ്റ്റേഡിയങ്ങളിൽ സംവിധാനമുണ്ടാവണമെന്ന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയുടെ മാർഗനിർദേശമുണ്ട്. പരിമിതമായ ചലനശേഷിയുള്ളവരായാലും കാഴ്ചയുടെയും കേൾവിയുടെ കാര്യത്തിൽ പരസഹായം വേണ്ടവർക്കുമെല്ലാം ഗാലറികളിൽ വന്നിരുന്ന് കളികാണാൻ കഴിയണം.
നമ്മുടെ നാട്ടിലെ സ്റ്റേഡിയങ്ങളിൽ അതില്ല. റാംപുകൾ, ഹാൻഡ് റെയിൽ, ഗ്രാബ് ബാർ, ലിഫ്റ്റുകൾ, വലിയ വാതിലുകൾ, ബ്രെയിലി സൈനിങ്സ്, ബ്രെയിലി സൈൻസ്, കേൾവി സഹായ സംവിധാനങ്ങൾ, സുഗമമായ നടക്കാനുള്ള നിലം, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ തുടങ്ങിയ സംവിധാനങ്ങൾ വേണം. വീൽ ചെയറിലൂടെ എത്താൻ കഴിയുന്ന സീറ്റിങ് ഏരിയകൾ നിർബന്ധമാണ്. അവരുടെ വാഹനങ്ങൾ സ്റ്റേഡിയം കോമ്പൗണ്ടിൽതന്നെ പാർക്ക് ചെയ്യാൻ കഴിയണം. ഇക്കാര്യത്തിൽ ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയമാണ്. 255ൽ അധികം വീൽചെയർ സീറ്റുകൾ അവിടെയുണ്ട്. ഹിയറിങ് സിസ്റ്റം ഉൾപ്പെടെ സംവിധാനങ്ങളും. സൗകര്യങ്ങൾ നമ്മുടെ നാട്ടിലും വരട്ടെ. പുതിയ സ്റ്റേഡിയങ്ങൾ വരുമ്പോൾ മേൽപറഞ്ഞവയുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം.
സ്വപ്നംപോലൊരു ലോകകപ്പ് -ഫാറൂഖ് താഴേക്കോട്
കുട്ടിക്കാലം മുതൽ ഫുട്ബാളിനെ നെഞ്ചേറ്റുന്ന കായിക പ്രേമിയാണ്. ഭിന്നശേഷിക്കാരൻ കൂടിയാണ്. കൂട്ടുകാരെല്ലാം കളിച്ച് നടക്കുമ്പോൾ കരഞ്ഞിരിക്കാൻ കഴിയില്ല. അവരെ സപ്പോർട്ട് ചെയ്ത് കൂടെ കൂടാനാണ് എനിക്കിഷ്ടം. വിൽചെയറിൽ നാട്ടിൻപുറത്തെ കളിയിടങ്ങളിലെല്ലാം എത്താറുണ്ട്. എന്നെ എടുത്ത് തോളിലേറ്റി കൂട്ടുകാരൻ ഷബീബും കൂടെയുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഖത്തറിലെത്തി.
എട്ട് സ്റ്റേഡിയങ്ങളിൽ നിന്നായി പത്തോളം മത്സരങ്ങൾ കണ്ടു. അവിടത്തെ സൗകര്യങ്ങൾ കണ്ട് അക്ഷരാർഥത്തിൽ കണ്ണ് തള്ളി. രണ്ട് മത്സരങ്ങൾക്ക് പുൽതകിടിയിൽവരെ ഇറങ്ങാൻ അവസരമുണ്ടായി. നെയ്മർ അടക്കമുള്ള കളിക്കാർ എന്നെ ചുമലിൽ തട്ടി അഭിനന്ദിച്ചു. കണ്ണ് നിറഞ്ഞുപോയി. എന്നാൽ, നമ്മുടെ നാട്ടിൽ ഇത്തരം സൗകര്യങ്ങൾ ഇല്ലെന്നുതന്നെ പറയാം. ഞങ്ങൾ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടേണ്ടവരല്ല. എല്ലാ മേഖലയിലും ഞങ്ങളെ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവരെപോലെ കളിയാസ്വദിക്കാനും ഞങ്ങൾക്ക് അവസരമൊരുക്കേണ്ടതുണ്ട്.
ജീവിതം മാറ്റിമറിക്കും എസ്.ആർ. വൈശാഖ് (ഇന്ത്യൻ ആംപ്യൂട്ടീ ഫുട്ബാൾ ടീം ക്യാപ്റ്റൻ)
വീൽചെയറിലുള്ളവരെ ഗാലറിയിലേക്ക് കൊണ്ടുവരികയെന്നത് മികച്ച ആവശ്യമാണ്. അത് ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഫുട്ബാളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. എല്ലാ ഗാലറികളിലും ഇരിക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് വീൽചെയറിലുള്ളവർക്ക് ഇവിടെ ഇരിക്കാൻ കഴിയുന്നില്ലല്ലോയെന്ന്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ അമിതമായി പരിഗണിച്ച് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കിയിടുന്നതാണ് പലയിടങ്ങളിലും നടക്കുന്നുണ്ട്.
ഇത്തരം പരിഗണനകളല്ല ഇവർക്ക് പുറത്തിറങ്ങാനും എക്സ് പ്ലോർ ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്. അവസരങ്ങൾ ഉണ്ടാവട്ടെ. കുറേക്കാലം വീൽചെയറിലിരുന്നയാളെന്ന നിലയിൽ ഞാൻ അനുഭവിച്ചതാണ്. നിറഞ്ഞ ഗാലറിയിലിരുന്ന് കളികാണുമ്പോൾ വേറെ ലോകത്ത് എത്തിപ്പെട്ട പ്രതീതിയാണ് അവരിലുണ്ടാക്കുക.
പരിഗണിച്ചേ തീരൂ -അനസ് എടത്തൊടിക (അന്താരാഷ്ട്ര ഫുട്ബാളർ)
അത്ലറ്റ് എന്ന നിലയിലും സ്പോർട്സ് ഫാൻ എന്ന നിലയിലും നിരന്തരം ഉള്ളിലുണ്ടായിക്കൊണ്ടിരുന്ന ഒരു ചോദ്യമുണ്ട്. വിദേശ ലീഗുകളും ചാമ്പ്യൻഷിപ്പുകളും ഒക്കെ കാണുമ്പോൾ അവിടങ്ങളിലെ ഗാലറിയിൽ വീൽചെയറിലും അല്ലാതെയും ഭിന്നശേഷിക്കാരായ ഒരുപാട് മനുഷ്യരെ കാണാൻ സാധിക്കാറുണ്ട്. ലിവർപൂളിന്റെ കാഴ്ചപരിമിതിയുള്ള ആരാധകന് കളി വിവരിച്ചു കൊടുക്കുന്ന സുഹൃത്തിന്റെ വിഡിയോ ഏറെ വൈറലായിരുന്നല്ലോ.
നമ്മുടെ നാട്ടിലെ സ്റ്റേഡിയങ്ങളും അതിന്റെ ഗാലറികളും എത്രത്തോളം ഭിന്നശേഷി സൗഹൃദമാണെന്ന് അതീവ ഗൗരവമായി ആലോചിക്കേണ്ടുന്ന സമയമായിരിക്കുന്നു. പലയിടങ്ങളിലായി ഭിന്നശേഷിയുള്ള സുഹൃത്തുക്കളെ കാണുമ്പോൾ അവർ കളികളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നത് കേൾക്കാറുണ്ട്. അവരെ എന്തുകൊണ്ടാണ് സ്റ്റേഡിയങ്ങളിൽ കാണാത്തതെന്ന് ഉള്ളിലെ ചോദ്യത്തിൽനിന്നാണ് നമ്മുടെ സ്റ്റേഡിയങ്ങൾ അധികവും ഭിന്നശേഷി സൗഹൃദമല്ല എന്ന തിരിച്ചറിവിലേക്കെത്തുന്നത്. അടിയന്തരമായി അധികാരികളുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണം. സ്പോർട്സ് എല്ലാവർക്കും വേണ്ടിയുള്ളതാണ്.
എല്ലാവരും കളിയാസ്വദിക്കട്ടെ -അമീർ ബാബു (കായികപ്രേമി)
സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ കളിയാവേശത്തിൽ അലിഞ്ഞ് ചേരുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. കളിയുടെ താളത്തിനുസരിച്ച് ഗാലറിയിൽ തീർക്കുന്ന ആവേശത്തിരമാലകളുടെ ഓളങ്ങൾ കളിയാസ്വാദകന്റെ മനസ്സിൽ ദിവസങ്ങളോളം തങ്ങിനിൽക്കും. ജാതി-മത-വർണ-വർഗ ഭാഷാ വ്യത്യാസമില്ലാതെ മനുഷ്യർ കൂടിച്ചേർന്നിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഓരോ കളിയരങ്ങുകളും.
ഓരോ മത്സരങ്ങളും ആസ്വദിക്കാൻ മുഴുവൻ കളിപ്രേമികൾക്കും അവസരമുണ്ടാകേണ്ടതുണ്ട്! പലപ്പോഴും നമ്മുടെ സ്റ്റേഡിയങ്ങളിൽ ഉൾക്കൊള്ളാവുന്നതിലും അപ്പുറമാണ് കളിയാരാധകരുടെ എണ്ണം. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഇരിപ്പിടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.. വിദേശനാടുകളിലെന്നപോലെ അത്തരം കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള സൗകര്യം വേണം.