Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫീൽഡുതല ഉദ്യോഗസ്ഥരുടെ...

ഫീൽഡുതല ഉദ്യോഗസ്ഥരുടെ ക്ഷാമം; സംസ്ഥാനത്തെ ഭവന നിർമാണ ക്ഷേമ പദ്ധതികൾ പാളുന്നു

text_fields
bookmark_border
ഫീൽഡുതല ഉദ്യോഗസ്ഥരുടെ ക്ഷാമം; സംസ്ഥാനത്തെ ഭവന നിർമാണ ക്ഷേമ പദ്ധതികൾ പാളുന്നു
cancel

കോഴിക്കോട്: ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്ന സംസ്ഥാനത്തെ ഭവന നിർമാണ, ഭവന പുനരുദ്ധാരണ പദ്ധതികൾ ഫീൽഡുതല ഉദ്യോഗസ്ഥരുടെ ക്ഷാമം മൂലം പാളുന്നു. ഉദ്യോഗസ്ഥ ക്ഷാമംമൂലം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെയും ബാധിച്ചു തുടങ്ങി. നിരവധി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾ എന്നിവയും നടപ്പാക്കുന്ന ഗ്രാമ പഞ്ചായത്ത് തലത്തിൽ ഇതുമൂലം പ്രശ്നം സങ്കീർണമാകുന്നു.

ഇത്തരം പദ്ധതികൾക്ക് കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും വിവിധ ഏജൻസികളിലൂടെ ഗ്രാമ പഞ്ചായത്തുകളിൽ ലഭ്യമാകുന്നത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥ സംവിധാനവും മേൽത്തട്ടിൽ ശക്തമായ മോണിറ്ററിങ് സംവിധാനവും ഇല്ലാത്തതാണ് താളംതെറ്റലിന് കാരണമാകുന്നത്. സംസ്ഥാന തലം മുതൽ ജില്ല- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് തലം വരെ കൃത്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥ സംവിധാനവും ഗ്രാമവികസന വകുപ്പ് വർഷങ്ങളായി നടത്തി വന്നിരുന്നു.

അശാസ്‌ത്രീയമായ തദ്ദേശ വകുപ്പ് സംയോജനം വന്നതോടെ ഗ്രാമവികസന വകുപ്പ് തകിടം മറിഞ്ഞത് പദ്ധതികൾക്ക് തിരിച്ചടിയായി. പദ്ധതിപൂർത്തീകരണത്തിന് അവിഭാജ്യ ഘടകമായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ തസ്തിക നിർത്തലാക്കിയതോടെ സംവിധാനം പാളിത്തുടങ്ങിയിരുന്നു. ക്ലർക്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുമെന്നായിരുന്നു വകുപ്പ് സംയോജന വേളയിൽ പറഞ്ഞത്.

എന്നാൽ, നിരവധി സാങ്കേതിക പ്രശ്നങ്ങൾമൂലം അതു നടക്കുന്നില്ല. ആറു മാസത്തെ നിർബന്ധിത റസിഡൻഷ്യൽ പരിശീലനം വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർക്ക് നൽകിയായിരുന്നു നിയമനം. നിലവിൽ വി.ഇ. ഒ മാരുടെ കുറവു കാരണം പദ്ധതി നിർവഹണം എക്സിപെൻഡിച്ചറിൽ മാത്രം ഒതുങ്ങുന്ന സ്ഥിതിയാണ്. നിലവിലുള്ള വി.ഇ.ഒമാരുടെ പ്രമോഷൻ മരവിപ്പിച്ചാണ് പേരിനെങ്കിലും കാര്യങ്ങൾ നടത്തി പോകുന്നത്.

ഫീൽഡുതല ജീവനക്കാരുടെ കുറവ് മൂലം ബ്ലോക്ക് പഞ്ചായത്തുകളിലുടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത ക്ഷേമ പദ്ധതികളുടെ പരിശോധനയും വഴിമുട്ടിയിരിക്കുകയാണ്. വി.ഇ.ഒ നിയമനം പുനഃസ്ഥാപിക്കുന്നതിന് നീക്കം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വകുപ്പ് സംയോജനത്തിന് നീക്കം നടത്തിയ ചില ഉന്നത ഉദ്യോഗസ്ഥരാണ് വിലങ്ങുതടി.

Show Full Article
TAGS:Officials Famine state housing construction welfare scheme 
News Summary - Staff Shortage Cripples Housing Welfare Schemes
Next Story