തെര. കമീഷന്റെ നിഷ്പക്ഷത ചോദ്യമുനയിൽ: സുനിൽ കുമാറിനും പ്രതാപനും നോട്ടിസ്; ബി.ജെ.പി നേതാക്കൾക്കെതിരെ അനക്കമില്ല
text_fieldsതൃശൂർ: തൃശൂരിൽ വ്യാജ വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ച സമീപനം പക്ഷപാതപരമെന്ന പരാതിയുയരുന്നു. വ്യാജ വോട്ട് വിവാദം പുറത്തുവന്നയുടൻ മാധ്യമങ്ങളോട് പ്രതികരിച്ച സി.പി.ഐ സ്ഥാനാർഥി വി.എസ്.
സുനിൽ കുമാറിനും പരാതിയുമായി രംഗത്തെത്തിയ മുൻ എം.പി ടി.എൻ. പ്രതാപനും നോട്ടിസ് നൽകിയ തെരഞ്ഞെടുപ്പ് കമീഷൻ, ഇനിയും വോട്ട് ചേർക്കുമെന്ന് അടക്കം പ്രതികരിച്ച ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
രണ്ടിടത്ത് വോട്ട് ഉണ്ടെന്നും വ്യത്യസ്ത എപിക് നമ്പറുകളിൽ അടക്കം വോട്ട് ചേർക്കുകയും ചെയ്ത ബി.ജെ.പി നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. പരാതിക്കാർക്ക് നോട്ടിസ് അയക്കുമ്പോൾ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
ആഗസ്റ്റ് ഏഴിന് തൃശൂരിലെ വോട്ട് വിവാദം പുറത്തുവന്നതോടെ ആഗസ്റ്റ് എട്ടിന് തന്നെ തെരഞ്ഞെടുപ്പ് കമീഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരുമായി ബന്ധപ്പെട്ട് പാർട്ടികളോ സ്ഥാനാർഥികളോ പരാതി നൽകിയിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. വി.എസ്. സുനിൽകുമാർ ആരോപണങ്ങൾ ആവർത്തിച്ചതോടെ ആഗസ്റ്റ് പത്ത് തീയതി വെച്ച് കമീഷൻ നോട്ടിസും നൽകി.
സത്യവാങ്മൂലം അടക്കം ആവശ്യപ്പെട്ട് നൽകിയ നോട്ടിസിൽ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ എൽ.ഡി.എഫ് നൽകിയ പരാതികളും സ്വീകരിച്ച നടപടികളുമുണ്ടായിരുന്നു. ഇതോടെ ആരും പരാതിപ്പെട്ടില്ലെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. സുനിൽ കുമാർ നോട്ടിസിന് മറുപടി നൽകുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് പരാതിയുമായി രംഗത്തെത്തിയ മുൻ എം.പി ടി.എൻ. പ്രതാപനും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടിസ് നൽകിയത്. സത്യവാങ്മൂലം നൽകണമെന്ന് കാണിച്ചാണ് നോട്ടിസ്. സത്യവാങ് മൂലം നൽകില്ലെന്ന് ടി.എൻ. പ്രതാപൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, വ്യാജ വോട്ട് വിവാദം രൂക്ഷമായിരിക്കെ ഇനിയും ഇത്തരത്തിൽ വോട്ട് ചേർക്കുമെന്നാണ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് അടക്കം തൃശൂരിൽ പ്രതികരിച്ചത്. ചെയ്യാവുന്നത് ചെയ്യാനും ഭീഷണിപ്പെടുത്തി. നിരവധി ബി.ജെ.പി നേതാക്കൾ ചാനൽ ചർച്ചകളിൽ അടക്കം ഇതേ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. ഇതോടൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റ് വി. സദാനന്ദനും സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയും അടക്കം ഇരട്ട വോട്ടുകൾ ചേർക്കുകയും ചെയ്തു.
വ്യാജ മേൽവിലാസം അടക്കം വിഷയങ്ങൾ പുറത്തുവന്നിട്ടും തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായി പെരുമാറുന്നതായി കോൺഗ്രസും സി.പി.ഐയും അടക്കം പാർട്ടികൾ ആക്ഷേപം ഉന്നയിക്കുന്നത്.