കേന്ദ്രഫണ്ട്: സ്മാർട് മീറ്ററിൽ ‘ധീര നിലപാട്’; പി.എം ശ്രീയിൽ കീഴടങ്ങൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര ഫണ്ട് ലഭ്യമാകുന്ന രണ്ട് പദ്ധതികളിൽ വ്യത്യസ്ഥ നിലപാടുമായി സംസ്ഥാന സർക്കാർ. സംസ്ഥാന താൽപര്യം ബലികഴിക്കില്ലെന്ന മുൻ നിലപാട് വിസ്മരിച്ചാണ് വിദ്യാഭ്യാസ മേഖലയിൽ പി.എം ശ്രീ കരാർ ഒപ്പിട്ടത്. എന്നാൽ, വൈദ്യുത സ്മാർട് മീറ്ററുകൾ കേന്ദ്രം നിർദേശിച്ച രീതിയിൽ സ്ഥാപിക്കാനാവില്ലെന്ന നിലപാടിൽ സംസ്ഥാനം ഉറച്ചുനിൽക്കുകയും ചെയ്യുന്നു. സ്മാർട് മീറ്ററിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ബദൽമാതൃക പ്രഖ്യാപിച്ചത് നേട്ടമായാണ് സർക്കാർ അവകാശപ്പെടുന്നത്.
കേന്ദ്രനിർദേശം മറികടന്ന് കോടികൾ ബാധ്യതവരുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ അനുമതിയോടെ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം കെ.എസ്.ഇ.ബി നേരിട്ട് ടെണ്ടർ ക്ഷണിക്കുകയും മീറ്ററുകൾ ലഭ്യമാക്കുകയും ചെയ്തു. ആദ്യഘട്ട മീറ്ററുകൾ സ്ഥാപിക്കൽ ആരംഭിച്ചിട്ടുമുണ്ട്.
വൈദ്യുതി മേഖലയുടെ ആധുനികവത്കരണത്തിന് സ്മാർട് മീറ്ററുകളിലേക്ക് എല്ലാ സംസ്ഥാനങ്ങളും മാറണമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇവ കരാറെടുക്കുന്ന കമ്പനികൾ സ്ഥാപിക്കണമെന്ന ടോട്ടൽ എക്സ്പെൻഡിച്ചർ (ടോട്ടെക്സ്) രീതിയും കേന്ദ്രം നിർദേശിച്ചു. എല്ലാ ചെലവും കമ്പനികൾ വഹിക്കുമെങ്കിലും തുക ഗഡുക്കളായി ഉപഭോക്താക്കളിൽനിന്ന് തിരിച്ചുപിടിക്കും. ഇതുമൂലം ഉപഭോക്താക്കൾക്ക് പ്രതിമാസം 80 രൂപയോളം അധികഭാരം വരുമെന്ന് കണക്കാക്കിയിരുന്നു. സ്വകാര്യവത്കരണത്തിന് വഴിതുറക്കുന്ന കേന്ദ്ര മാതൃകക്കെതിരെ കെ.എസ്.ഇ.ബി ജിവനക്കാരുടെ സംഘടനകൾ പ്രതിഷേധമുയർത്തി.
സ്‌മാർട്ട് മീറ്റർ സ്ഥാപിച്ച് കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള കേന്ദ്രനീക്കം തകർത്തെന്ന വാദമാണ് ബദൽ മാതൃകയായ ‘കാപക്സ്’ രീതി വഴി കേരളം ഉയർത്തിയത്. ബദൽ മാതൃകപ്രകാരമുള്ള സ്‌മാർട്ട് മീറ്ററുകൾ ആദ്യഘട്ടത്തിൽ സർക്കാർ, എച്ച്.ടി ഉപഭോക്താക്കൾക്കും വിതരണ ട്രാൻസ്ഫോർമറുകൾ, 11 കെ.വി, 22 കെ.വി ഫീഡറുകൾ, ഇലക്ട്രിക്കൽ ഡിവിഷൻ അതിർത്തികൾ എന്നിവിടങ്ങളിലുമാണ് സ്ഥാപിക്കുന്നത്. അടുത്തഘട്ടത്തിലാകും ഗാർഹിക ഉപഭോക്താക്കൾക്ക് സ്ഥാപിക്കുക.
മിക്ക സംസ്ഥാനങ്ങളും ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയത്. വിഷയത്തിൽ കോടികളുടെ സാമ്പത്തിക ഭാരമുണ്ടായിട്ടും ശക്തമായ നിലപാട് സ്വീകരിച്ച സർക്കാർ, സുപ്രധാനമായ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ കേന്ദ്രം നിർദേശിച്ച പി.എം ശ്രീയിൽ സമാന നിലപാടിൽനിന്ന് പിന്നാക്കം പോയത് ആശ്ചര്യകരമാണ്.


