പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; രണ്ട് കോടി രൂപ മുഖ്യമന്ത്രി കൈമാറി
text_fieldsതിരുവനന്തപുരം: ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. നാലിന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ പാരിതോഷികമായ രണ്ട് കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി.
കായിക മേഖലക്കും കേരളത്തിനും ഒരുപോലെ ആവേശം പകര്‍ന്ന കായിക താരമാണ് പി.ആര്‍. ശ്രീജേഷെന്നും മാതൃകയാകാന്‍ കഴിയുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേതെന്നും മുഖ്യമന്ത്രി അനുമോദിച്ചു. ടോക്കിയോക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്‍റെ അനുമോദന യോഗത്തിന് പ്രമുഖരുടെ വലിയൊരു നിരതന്നെ ഉണ്ടായിരുന്നു. മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, വി. ശിവൻകുട്ടി എന്നിവരും പങ്കെടുത്തു.
മാനവീയം വീഥിയില്‍ നിന്ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് തുറന്ന ജീപ്പില്‍ വർണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെണ് ശ്രീജേഷിനെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. ഓരോ അവസരങ്ങളിലും സര്‍ക്കാര്‍ ഒപ്പം നിന്നു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പി.ആര്‍. ശ്രീജേഷ് പറഞ്ഞു. വകുപ്പുതല തര്‍ക്കങ്ങളിലും വിവാദങ്ങളിലും കുരുങ്ങി പലതവണ മാറ്റിവച്ച സ്വീകരണ ചടങ്ങാണ് ഇന്ന് തലസ്ഥാനത്ത് നടന്നത്.
പാരിസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അനസ്, എച്ച് എസ് പ്രണോയ്, മുഹമ്മദ് അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ താരങ്ങൾക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് പി. രാധാകൃഷ്‌ണൻനായർക്കും പ്രഖ്യാപിച്ച പാരിതോഷികവും ചടങ്ങിൽ സമ്മാനിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി.യു ചിത്ര, മുഹമ്മദ് അനസ്, വി.കെ വിസ്‌മയ, വി. നീന, കുഞ്ഞുമുഹമ്മദ് എന്നിവർക്ക് പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്‌റ്റന്റ് സ്‌പോർട്സ് ഓർഗനൈസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും പരിപാടിയിൽ കൈമാറി.