ബോംബ് നിർമാണത്തിനിടെ കൈ തകർന്ന ആർ.എസ്.എസുകാരന്റെ മൊഴി രേഖപ്പെടുത്തി
text_fieldsവടകര: മണിയൂർ ചെരണ്ടത്തൂരിൽ വീടിനു മുകളിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടോടെ വടകര എസ്.ഐ എം. നിജേഷിന്റെ നേതൃത്വത്തിലെ സംഘമാണ് മൂഴിക്കൽ മീത്തൽ ഹരി പ്രസാദിന്റെ മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ 16നു രാത്രിയാണ് വീടിന്റ ടെറസിൽ നടന്ന സ്ഫോടനത്തിൽ ഹരിപ്രസാദിന് ഗുരുതര പരിക്കേറ്റത്. എം.എം.സി മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാൻ പലതവണ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും പ്രതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മൊഴി എടുക്കാൻ കഴിഞ്ഞിരുന്നില്ല. മൊഴിയുടെ വിശദാംശങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.
സ്ഫോടനത്തിൽ ഇയാളുടെ വലതു കൈപ്പത്തി മുറിഞ്ഞു മാറുകയും ഇടതു കൈപ്പത്തിയുടെ മൂന്ന് വിരലുകൾ നഷ്ടപ്പെടുകയുംചെയ്തിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
'സ്ഫോടനം: ഗൂഢാലോചന പുറത്തു കൊണ്ടുവരണം'
വടകര: മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂരിൽ ആർ.എസ്. എസ് പ്രവർത്തകന്റെ വീടിന്റെ ടെറസിനു മുകളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കൂട്ട് പ്രതികളെ കണ്ടെത്താനോ ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ പരിശ്രമിക്കാത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകുമെന്ന് എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപ്പൂർവം കലാപം ഉണ്ടാക്കാനുള്ള ആർ.എസ്.എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണിതെന്ന് നേതാക്കൾ ആരോപിച്ചു. അന്വേഷണം ഒരാളിൽ മാത്രം ഒതുക്കി യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് അധികാര കേന്ദ്രങ്ങളിൽ നടക്കുന്നതെന്നും കൂട്ടു പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും.
വാർത്തസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി നവാസ് കല്ലേരി, ഹമീദ് കല്ലുമ്പുറം, എസ്.ഡി.പി.ഐ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സാദിഖ് ബാങ്ക് റോഡ് എന്നിവർ പങ്കെടുത്തു.