ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ
text_fieldsഉമൈറ
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങി. കീഴടങ്ങിയ നിലമ്പൂർ വടപുറം സ്വദേശിനി ഉമൈറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് എരവിമംഗലത്തെ ഭർതൃവീട്ടിലെത്തിച്ച് തെളിവെടുത്തു.
ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മാതാവ് മരിച്ച ശേഷമാണ് പിതാവ് അധ്യാപികയായ രണ്ടാനമ്മയെ വിവാഹം കഴിച്ചത്. കോടതി നിർദേശത്തെതുടർന്ന് കുട്ടി ഇടയ്ക്ക് മാതാവിന്റെ വീട്ടിലും താമസിച്ചിരുന്നു. ജൂൺ ആദ്യമാണ് കുട്ടി മർദനത്തിനിരയായതായി കണ്ടത്.
കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ രണ്ടാനമ്മ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വേറെ വീട്ടിൽ വെച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവർ മുൻകൂർ ജാമ്യഹരജി നൽകിയിരുന്നെങ്കിലും ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഡിസബിലിറ്റി ആക്ട്, ഭാരതീയ ന്യായസംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി വിവിധ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ്. കുട്ടിയുടെ മാതാവ് മരിച്ചതോടെ ആ ഒഴിവിലാണ്, രണ്ടാനമ്മ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.