ശബരിമല തീർഥാടകരുടെ ബസിനു നേരെ കല്ലേറ്; കല്ലെറിഞ്ഞത് ബൈക്കിലെത്തിയവർ
text_fieldsRepresentational Image
വടശ്ശേരിക്കര: ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസിനുനേരെ കല്ലേറ്. സംഭവത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി ഏഴരയോടെ എരുമേലിയിൽ മുക്കട- അത്തിക്കയം-പെരുനാട് റോഡിൽ ഇടമുറി വാഴക്കാലാമുക്കിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ്, സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ആക്രമികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആന്ധ്രയിൽ നിന്നുള്ള തീർഥാടകസംഘം എരുമേലിയിലെ ദർശനത്തിനുശേഷം ശബരിമലയിലേക്ക് പോകുകയായിരുന്നു.
ബസ് വാഴക്കാലാമുക്ക് ഭാഗത്തെ കയറ്റം കയറുന്നതിനിടെ എതിർദിശയിൽ ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിയുകയായിരുന്നെന്ന് ഭക്തർ പൊലീസിനോട് പറഞ്ഞു. ആക്രമികൾ വന്ന ഭാഗത്തേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. പെരുനാട് സി.ഐ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. തീർഥാടക സംഘത്തെ ഇതേ ബസിൽ തന്നെ പൊലീസ് നിലയ്ക്കലേക്ക് വിട്ടു.