സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെ കല്ലേറ്; നിരവധിപേർക്ക് പരിക്ക്
text_fieldsതൃക്കരിപ്പൂർ: നിയുക്ത എം.എൽ.എ സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെ വലിയപറമ്പിൽ കല്ലേറ്. നിരവധിപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഘോഷയാത്ര പടന്ന കടപ്പുറം ബാങ്ക് പരിസരത്ത് എത്തിയപ്പോൾ റോഡിന്റെ ഇരുവശത്തുനിന്നും കല്ലേറ് തുടങ്ങുകയായിരുന്നു. സന്ദീപിന്റെ വാഹനത്തിന് മുന്നിൽ നടന്നുനീങ്ങുകയായിരുന്ന ആൾക്കൂട്ടത്തിന് നേരെയായിരുന്നു ആക്രമണം.
പിന്നീട് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കല്ലേറിൽ കണ്ണിന് പരിക്കേറ്റ ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.കെ. അമീനെ (48) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഫലപ്രഖ്യാപനത്തെ തുടർന്ന് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉരസലുണ്ടായിരുന്നു.
തുടർന്ന് സി.പി.എം ഓഫിസിന് നേരെയും ആക്രമണമുണ്ടായി. പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ല. പിന്നീട് സന്ദീപ് വാര്യർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് എത്തിയത്. കല്ലേറ് നടത്തിയവരെ ലാത്തിവീശി ഓടിച്ചെങ്കിലും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഒരുമണിക്കൂറിന് ശേഷമാണ് റോഡ് ഷോ തുടരാനായത്.


