വിദ്യാർഥി യാത്രാനിരക്ക്; 25 ശതമാനമാക്കണമെന്ന് രവിരാമൻ കമീഷൻ
text_fieldsതിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകളിലെ പ്രബലവിഭാഗം അനിശ്ചിതകാല പണിമുടക്കിൽ ഉറച്ചുനിൽക്കുമ്പോഴും സമവായത്തിലെത്താനാകാതെ സർക്കാർ. നിലവിൽ രണ്ട് കമീഷൻ റിപ്പോർട്ടുകളാണ് സർക്കാറിന്റെ മുന്നിലുള്ളത്. വിദ്യാർഥികളുടെ യാത്രാനിരക്ക് പൊതുനിരക്കിന്റെ 25 ശതമാനമാക്കണമെന്നാണ് രവിരാമൻ കമീഷൻ റിപ്പോർട്ട്.
പൊതുനിരക്കിന്റെ 35 ശതമാനം വിദ്യാർഥികളിൽനിന്ന് ഈടാക്കണമെന്നാണ് രാമചന്ദ്രൻ കമീഷന്റെ നിലപാട്. രവിരാമൻ കമീഷൻ റിപ്പോർട്ട് മുന്നിൽവെച്ച് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്താനാണ് സർക്കാർ ശ്രമം. സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത് സർക്കാറിന് ആദ്യം ലഭിച്ച രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ്. നിലവിൽ പൊതുനിരക്കിന്റെ 10 ശതമാനമാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്.
സെക്രട്ടറിതല ചർച്ച സമവായത്തിലെത്തിയില്ലെങ്കിൽ താൻ നേരിട്ട് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്. ബസുടമകൾ മന്ത്രിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെ സമവായ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഓപറേറ്റേഴ്സ് ഫോറം മാത്രമാണ് പണിമുടക്ക് പിൻവലിച്ചത്. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷനും പണിമുടക്കിൽ ഉറച്ചുനിൽക്കുകയാണ്.
1961ൽ കൺസഷൻ ആരംഭിച്ചപ്പോൾ പൊതുനിരക്കിന്റെ 50 ശതമാനമായിരുന്നു വിദ്യാർഥി യാത്രാനിരന്നെന്ന ന്യായമുന്നയിച്ചാണ് സ്വകാര്യ ബസുടമകൾ സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുന്നത്. സംസ്ഥാനത്ത് 2012ലാണ് ഏറ്റവുമൊടുവിൽ വിദ്യാർഥി നിരക്ക് വർധിപ്പിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പൊതുനിരക്ക് വർധന പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ, വിദ്യാർഥികളുടെ യാത്ര ഇളവിനുള്ള പ്രായപരിധി 17 വയസായി പരിമിതപ്പെടുത്തണമെന്ന് ശിപാർശ സമർപ്പിച്ചിരുന്നു.
ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്നും മറ്റ് വിഭാഗം വിദ്യാർഥികൾക്ക് സാധാരണ നിരക്ക് ബാധകമാക്കണമെന്നും ശിപാർശ ചെയ്തു. ഇക്കാര്യം അംഗീകരിക്കാതിരുന്ന സർക്കാർ, പകരം വിദ്യാർഥി യാത്രാനിരക്ക് പഠിക്കാൻ 2022 ആഗസ്റ്റ് 26നാണ് രവിവരാമൻ കമീഷനെ നിയോഗിച്ചത്.