കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്ക്; പിന്നാലെ ആസിഡ് കുടിച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
text_fieldsഅനീഷ്
കാസർകോട്: കാസർക്കോട് ബേത്തൂർപ്പാറയിൽ കാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. ബേത്തൂർപ്പാറ പള്ളഞ്ചിയിലെ അനീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.
വിദ്യാർഥികളുമായി ബേത്തൂർപ്പാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോകുകയായിരുന്ന അനീഷിന്റെ ഓട്ടോക്ക് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബേത്തൂർപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ശ്രീഹരി, അതുൽ, ആദർശ് എന്നിവർക്ക് പരിക്കേറ്റിരുന്നു.
പരിക്കേറ്റവരെ ഓടിക്കൂടിയവർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഓട്ടോ ഡ്രൈവർ അനീഷ് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ കാസർക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ നില ഗുരുതരമാണെന്ന് കരുതിയാകാം അനീഷ് ജീവനൊടുക്കിയതെന്നാണ് നിഗമനം. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
പള്ളഞ്ചിയിലെ പരേതനായ ശേഖരൻ നായരുടെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: വീണ (കാർവാർ). മക്കൾ: ധീരവ്, ആരവ് (വിദ്യാർഥികൾ, ബേത്തൂർപ്പാറ ഗവ. എൽപി സ്കൂൾ). സഹോദരങ്ങൾ: രതീഷ്, ലളിത.