ശബരിമലക്ക് വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽനിന്ന് ഇറക്കിവിട്ടു
text_fieldsഅളഗപ്പ ഗവ. സ്കൂൾ
ആമ്പല്ലൂർ (തൃശൂർ): ശബരിമലക്ക് വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽനിന്ന് പുറത്താക്കി. അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സയൻസ് ഗ്രൂപ്പിലെ രണ്ടു വിദ്യാർഥികളെയാണ് ക്ലാസ് അധ്യാപികയും സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് ക്ലാസിൽനിന്ന് ഇറക്കിവിട്ടത്.
യൂനിഫോം ധരിക്കാതെ ക്ലാസിൽ ഇരുത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു കുട്ടികളെ പുറത്താക്കിയത്. ക്ലാസ് തുടങ്ങിയശേഷമായിരുന്നു നടപടി. യൂനിഫോം ധരിച്ചുവരാൻ പറഞ്ഞ് പുറത്താക്കിയ കുട്ടികൾ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോയി രക്ഷിതാക്കളോട് വിവരം പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായി സ്കൂളിലെത്തി. ക്ലാസ് അധ്യാപികയുടെയും സ്റ്റാഫ് സെക്രട്ടറിയുടെയും നിലപാട് തിരുത്തണമെന്നും ക്ഷമ പറയണമെന്നുമുള്ള നിലപാടിലായിരുന്നു പ്രതിഷേധക്കാർ. എന്നാൽ, ഇരുവരും ഓഫിസ് മുറിയിൽനിന്ന് ഇറങ്ങി വന്ന് സംസാരിക്കാൻ തയാറായില്ല.
പ്രശ്നം പരിഹരിക്കാൻ കഴിയാതെ തർക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് എസ്.എച്ച്.ഒ ആദംഖാന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്താൻ തീരുമാനമായി.


