Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.എം.ഐ കെണികൾ...

ഇ.എം.ഐ കെണികൾ തുറന്നുകാട്ടി പഠനം; ‘ഗഡുക്കളിൽ മയക്കും, ആകെത്തുകയിൽ കുരുക്കും’

text_fields
bookmark_border
EMI
cancel

തിരുവനന്തപുരം: ‘‘മാസം വെറും 999 രൂപ മാത്രം നൽകിയാൽ പുതിയ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം...’’. ഉപഭോക്താക്കളെ വലിച്ചടുപ്പിക്കുംവിധം ഓൺലൈൻ ഷോപ്പിങ് ആപ്പുകളിലടക്കം കാണുന്ന ഇത്തരം വാഗ്ദാനങ്ങൾക്ക് പിന്നിലെ സാമ്പത്തിക കെണിയിലേക്ക് വിരൽചൂണ്ടുകയാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്.

പ്രതിമാസം നൽകേണ്ട ഈ ‘ചെറിയ ഗഡുക്കൾ’ (ഇ.എം.ഐ) സാധനങ്ങൾക്ക് യഥാർഥത്തിലുള്ളതിനേക്കാൾ വിലക്കുറവുണ്ടെന്ന തെറ്റിദ്ധാരണയും പ്രതീതിയും സൃഷ്ടിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്നാണ് പഠനം അടിവരയിടുന്നത്.

സർവേയിൽ പങ്കെടുത്ത 90.3 ശതമാനം പേരും ഇ.എം.ഐയുടെ ‘ഫ്രെയിമിങ്’ രീതികൾ തെറ്റിദ്ധരിപ്പിക്കുന്നതായി സമ്മതിച്ചു. ഉൽപന്നങ്ങളുടെ യഥാർഥ തിരിച്ചടവ് തുക മറച്ചുവെച്ച് പ്രതിമാസ ഗഡു മാത്രം കാണിക്കുമ്പോൾ, അത് ഉപഭോക്താവിൽ കൃത്രിമമായ വാങ്ങൽ ശേഷി പ്രവണത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇ.എം.ഐയുടെ ഈ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് പൊതുവായ അറിവും ഓരോരുത്തരുടെയും വാങ്ങൽസമയത്തെ പെരുമാറ്റവും തമ്മിൽ വലിയ വിടവുണ്ട്. ഇ.എം.ഐ പരസ്യങ്ങൾ കെണിയാണെന്ന് അറിയാവുന്നവർ പോലും മൊബൈലോ ലാപ്ടോപ്പോ വാങ്ങാൻ തീരുമാനിച്ചാൽ, ആകെ വിലയേക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നത് പ്രതിമാസ തുകയിലാണ്. സർവേയിൽ പങ്കെടുത്ത 45.2 ശതമാനം പേരും ശ്രദ്ധിച്ചത് പ്രതിമാസ ഗഡു തുകയിലാണ്. ആകെ വില നോക്കി തീരുമാനമെടുത്തത് 25.8 ശതമാനം പേർ മാത്രം. 41.9 ശതമാനം പേർ ഉൽപന്നം വാങ്ങാൻ സാമ്പത്തിക ശേഷിയുണ്ടോ എന്ന് തീരുമാനിച്ചത്, മാസഗഡു തങ്ങളുടെ പ്രതിമാസ ബജറ്റിൽ ഒതുങ്ങുന്നുണ്ടോ എന്നത് മാത്രം നോക്കിയാണ്.

ഒറ്റയടിക്ക് വലിയ തുക കൊടുക്കുമ്പോഴുണ്ടാകുന്ന മാനസിക പ്രയാസം (പെയിൻ ഓഫ് പേയിങ്) മാസംതോറുമുള്ള ചെറിയ ഗഡുക്കളാകുമ്പോൾ അനുഭവപ്പെടില്ലെന്നതാണ് മറ്റൊരു കാരണം. റിസർവ് ബാങ്കിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരം പലിശ നിരക്കുകളും വായ്പാ നിബന്ധനകളും വ്യക്തമാക്കണമെന്ന് നിയമമുണ്ട്.

റീട്ടെയിൽ ക്രെഡിറ്റ് വിപണി കുതിക്കുന്നു

റിസർവ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് (2024) പ്രകാരം 2017ൽ ഇന്ത്യയിലെ ആകെ ജി.ഡി.പിയുടെ 12.1 ശതമാനമായിരുന്ന റീട്ടെയ്ൽ ക്രെഡിറ്റ്. 2023 ആയപ്പോഴേക്കും 19.4 ശതമാനമായി കുതിച്ചു. 2021 മുതൽ 2024 വരെ കാലയളവിൽ ഒരു ഈടുമില്ലാതെ നൽകുന്ന അൺ സെക്യൂർഡ് വായ്പകൾ പ്രതിവർഷം 21.3 ശതമാനം എന്ന ഉയർന്ന നിരക്കിലാണ് വളർന്നത്. മിനിറ്റുകൾക്കകം വായ്പാനടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് ഇതിന് കാരണം. 500 രൂപ വിലയുള്ള വസ്ത്രങ്ങൾ മുതൽ ഒന്നരലക്ഷം രൂപയുള്ള ലാപ്ടോപ്പ് വരെ ഇ.എം.ഐ അടിസ്ഥാനത്തിൽ വാങ്ങാനാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:EMI 
News Summary - Study Exposes EMI Traps: Lure Consumers with Low Monthly Instalments, Trap Them with the Total Cost
Next Story