പെരുമ്പാവൂരിലെ സുഭാഷ് മൈതാനം: സ്വാതന്ത്ര്യസമര പോരാട്ട ഭൂമി
text_fieldsസുഭാഷ് മൈതാനം
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ സ്വാതന്ത്ര്യസമര ചരിത്രത്താളുകളില്‍നിന്ന് സുഭാഷ് മൈതാനവും ഇവിടെ ഒത്തുകൂടിയവരുടെ പേരുകളും ഒരിക്കലും വെട്ടിമാറ്റാനാവില്ല. താലൂക്കിലെ സ്വാതന്ത്ര്യസമര പരിപാടി ആസൂത്രണം ചെയ്തിരുന്ന ഇടമാണ് മൈതാനം. കാടുകയറിക്കിടന്ന സ്ഥലം അന്ന് പൊലീസിന്റെയും ബ്രിട്ടീഷ് മേധാവികളുടെയും ശ്രദ്ധയില്പ്പെടില്ലായിരുന്നു. സമരാനുകൂലികളാണ് സുഭാഷ് മൈതാനമെന്ന പേര് നല്‍കിയത്. സമരത്തിന് നേതൃത്വം നല്കിയവര് വന്ന് ക്ലാസെടുക്കുകയും പ്രസംഗിക്കുകയും ചെയ്തതോടെ ശ്രദ്ധേയമായി.
സമരമുഖത്ത് സജീവമായിരുന്ന ഒ. തോമസ്, എന്‍.പി. ജോസഫ്, പി.സി. ജോണ്‍, പി.ഐ. പൗലോസ്, എം.കെ. ഇബ്രാഹീം, പി.പി. കമാല്‍, കെ.വി. അച്യുതന് നായര്‍, പി.എ. സുകുമാരന്‍, ഇടപ്പിള്ളി ശിവന്, എ. അച്യുതന് വൈദ്യര്, കെ. ശങ്കരന് വക്കീല്‍, നെടുങ്ങണ്ടത്തില് തോമസ്, പി.കെ. വാസു, എം.പി. അലിക്കുഞ്ഞ്, കോമു സാഹിബ്, കാണേലിമാലി ഐസക് ഉള്‍പ്പെടെയുള്ളവര്‍ ചേർന്നാണ് നേതാക്കളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നതും ലഘുലേഖകള്‍ കൈമാറിയിരുന്നതും.
ഇക്കൂട്ടത്തില്‍ അവശേഷിക്കുന്നത് ഇനി അച്യുതന് നായരും വാസുവും മാത്രം. സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കെ.പി. മാധവന് നായരായിരുന്നു. സുഭാഷ് മൈതാനത്ത് തങ്ങിയിരുന്നവര്‍ അന്ന് ബ്രിട്ടീഷ് പൊലീസിന്റെ നോട്ടപ്പുള്ളികളായിരുന്നു.
ഇവിടെ തങ്ങുന്നത് തടയാന്‍ ഒരണ പ്രതിഫലം നല്കി മലമൂത്ര വിസര്‍ജനം നടത്താന്‍ പൊലീസ് ആളുകളെ നിയോഗിച്ചിരുന്നത്രെ. 1987-’88 കാലഘട്ടത്തില്‍ പി.സി. ജോണ്‍, എം.കെ. ഇബ്രാഹീം, പി.എ. സുകുമാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര സേനാനി എന്നൊരു സായാഹ്നപത്രം പുറത്തിറക്കിയിരുന്നു. ആധുനിക അച്ചടി സംവിധാനങ്ങളുടെ അഭാവവും പലരുടെയും മോശം ആരോഗ്യസ്ഥിതിയും സാമ്പത്തിക പ്രതിസന്ധിയും മൂലം പത്രം അധികനാള്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല.