സുഗന്ധഗിരി മരംമുറി: വെളിപ്പെടുന്നത് വനംവകുപ്പിലെ ബാഹ്യ ഇടപെടലുകൾ
text_fieldsകൽപറ്റ: വയനാട് സുഗന്ധഗിരി മരംമുറി കേസുമായി ബന്ധപ്പെട്ട നടപടികളിൽ വെളിപ്പെടുന്നത് വനംവകുപ്പിലെ ബാഹ്യ ഇടപെടലുകൾ. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ വകുപ്പിലെ ബാഹ്യ ഇടപെടലുകളിലേക്കാണ് വെളിച്ചം വീശുന്നത്. മുൻ ഡി.എഫ്.ഒ, റേഞ്ച് ഓഫിസർ തുടങ്ങിയവരെ കേസിൽ കുറ്റമുക്തരാക്കി റിപ്പോർട്ട് വന്നതോടെയാണ് സംശയം ബലപ്പെടുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട മുൻ ഡി.എഫ്.ഒ ഷജന കരീമിനെതിരായ നടപടികൾ കഴിഞ്ഞ ദിവസം വനംവകുപ്പ് അവസാനിപ്പിച്ചിരുന്നു. ടൂർ ഡയറിയിൽ മാർക്കിങ് പട്ടികയിൽ പരിശോധന തീയതി രേഖപ്പെടുത്തിയില്ലെന്ന നിസ്സാര പിഴവ് മാത്രം ചൂണ്ടിക്കാട്ടിയാണ് ഷജന കരീമിനെതിരായ അച്ചടക്ക നടപടി തീർപ്പാക്കിയത്.
ഫീല്‍ഡ് പരിശോധനയിൽ ജാഗ്രതക്കുറവ് ഉണ്ടാവുകയും ഫീല്‍ഡ് സ്റ്റാഫിനെ പൂര്‍ണ വിശ്വാസത്തിലെടുത്തത് പിഴവിനു കാരണമായെന്നും കാണിച്ച്, റേഞ്ച് ഓഫിസറായിരുന്ന കെ. നീതുവിനെതിരായ അച്ചടക്ക നടപടിയും അവസാനിപ്പിച്ചു. മുട്ടിൽ മരംമുറി കേസിൽ മരങ്ങൾ കണ്ടുകെട്ടിയതും കോടതിയിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള മേൽനോട്ടം വഹിച്ചതും അന്നത്തെ ഡി.എഫ്.ഒ ഷജ്ന കരീം ആയിരുന്നു. ആദിവാസികൾക്ക് പതിച്ചുനൽകിയ വനംവകുപ്പിന്റെ ഭൂമിയിൽ അപകടാവസ്ഥയിലുള്ള 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ 107 മരങ്ങൾ മുറിച്ചുകടത്തിയെന്ന കേസിലാണ് ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
ആദ്യം അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ റേഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്യാനും ഡി.എഫ്.ഒയോട് വിശദീകരണം ചോദിക്കാനുമാണ് നിർദേശിച്ചിരുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മെമ്മോക്ക് മറുപടി നൽകുന്നതിന് മുമ്പുതന്നെ അന്വേഷണ സംഘത്തിന്റെ നിർദേശം മരവിപ്പിച്ച് വനം മന്ത്രിയുടെ ഓഫിസ് അർധ രാത്രി സസ്പെൻഷൻ ഉത്തരവിറക്കുകയായിരുന്നു. ഇതോടെ ഉത്തരവിന് പിന്നിൽ വനം മന്ത്രിയുടെ ഓഫിസിലെ ചിലരാണെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപണം ശക്തമായി. മുട്ടിൽ മരം മുറിക്കേസിൽ സഹോദരങ്ങളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യ പ്രതികള്‍.
മരം മുറിക്കുന്നതിന് അനുമതി നൽകി ഭൂവുടമകളുടെ പേരിൽ നൽകിയ അപേക്ഷയിൽ പ്രതികളിലൊരാളാണ് ഒപ്പിട്ടതെന്ന് തെളിഞ്ഞിരുന്നു. കൂടാതെ 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ചുമാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡി.എന്‍.എ പരിശോധനാ ഫലവും പുറത്തുവന്നിരുന്നു. കേസിൽ കർശന നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ ചില ബാഹ്യ ശക്തികൾ നടത്തിയ ഇടപെടലാണ് ഡി.എഫ്.ഒക്കെതിരെ വനംമന്ത്രിയുടെ ഓഫിസ് സസ്പെൻഷൻ അർധരാത്രി ഉത്തരവ് ഇറക്കിയതെന്ന് ആരോപണം ശക്തമായി.