കൂട്ട ആത്മഹത്യാശ്രമം: മകൾക്കുപിന്നാലെ ഷൈലജയും മരിച്ചു; അമ്മയും ചേച്ചിയും പോയതറിയാതെ തീവ്രപരിചരണ വിഭാഗത്തിൽ അക്ഷയ്...
text_fieldsചേലക്കര (തൃശൂർ): വിഷം കഴിച്ച് കൂട്ട ആത്മഹത്യക്കു ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മാതാവും മരിച്ചു. മേപ്പാടം കോൽപുറത്ത് ഷൈലജ (34) വെള്ളിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മകൾ ആറു വയസ്സുകാരി അണിമ നേരത്തേ മരിച്ചിരുന്നു. അമ്മയും ചേച്ചിയും പോയതറിയാതെ കുഞ്ഞു അക്ഷയ് (4) മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഷൈലജ, മകൾ അണിമ, മകൻ അക്ഷയ് എന്നിവരെ വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ നാട്ടുകാർ കണ്ടത്. ഭർത്താവ് പ്രദീപിന്റെ മരണത്തെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ഷൈലജയെയും മക്കളെയും ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
അക്ഷയിയെങ്കിലും തിരിച്ചുകിട്ടണമെന്നുള്ള പ്രാർഥനയിലാണ് ബന്ധുക്കൾ. അതേസമയം, അക്ഷയ് കണ്ണുതുറന്നാൽ അമ്മയെയും ചേച്ചിയെയും അന്വേഷിച്ചാൽ എന്തുപറയണമെന്നും ബന്ധുക്കൾക്കറിയില്ല. ഷൈലജയുടെയും അണിമയുടെയും സംസ്‌കാരം നടത്തി.


