സുൽത്താൻ ബത്തേരിയും പ്രിയങ്കക്കൊപ്പം
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മണ്ഡലവും പ്രിയങ്കയെ മനസ്സറിഞ്ഞ് പിന്തുണച്ചു. 54263 വോട്ടുകളാണ് ഇവിടത്തെ ലീഡ്. ആദിവാസി മേഖലകളിൽ പ്രിയങ്കക്ക് വലിയ ഭൂരിപക്ഷമാണുള്ളത്. എന്നാൽ, ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുമുണ്ടായി.
സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ അമ്പലവയൽ, പുൽപള്ളി, ബത്തേരി മുനിസിപ്പാലിറ്റി എന്നിവയാണ് നിലവിൽ ഇടതുപക്ഷം ഭരിക്കുന്നത്. എന്നാൽ, ഇടതുപക്ഷം ഭരിക്കുന്ന മേഖലകളിൽപോലും പ്രിയങ്ക വലിയ നേട്ടമുണ്ടാക്കി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 9898 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത്.
മുള്ളൻകൊല്ലി - 6838, പുൽപ്പള്ളി - 6620, പൂതാടി -6119, നൂൽപ്പുഴ - 3861, മീനങ്ങാടി - 5018, അമ്പവയൽ - 7203, നെന്മേനി -8378 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ പ്രിയങ്കയുടെ ലീഡ്.
എന്നാൽ, രണ്ടാം സ്ഥാനത്തുള്ള സത്യൻ മൊകേരിക്ക് പ്രതീക്ഷിച്ചതിലും കോട്ടം സംഭവിച്ചതായി കാണാം. സി.പി.ഐക്ക് പൊതുവെ ആൾബലം കൂടുതലുള്ള സ്ഥലമാണ് മീനങ്ങാടി പഞ്ചായത്ത്. എന്നാൽ ഇവിടെയും പ്രിയങ്കയുടെ ഭൂരിപക്ഷത്തിൽ യാതൊരു കുറവുമുണ്ടായില്ല.
കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ 35709 നേടിയത് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നാണ്. വയനാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണത്. അതനുസരിച്ചുള്ള പ്രകടനം നടത്താൻ നവ്യ ഹരിദാസിനായില്ല. 26762 വോട്ടുകളാണ് നവ്യക്ക് ലഭിച്ചത്. മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സുൽത്താൻ ബത്തേരിയിലാണ് ഇത്തവണയും ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ. ബി.ജെ.പി മുമ്പ് എ ക്ലാസ് മണ്ഡലമായിട്ടാണ് സുൽത്താൻ ബത്തേരിയെ കണ്ടിരുന്നത്. മോശമല്ലാത്ത വോട്ട് നവ്യ നേടിയിട്ടും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ പഴയ പ്രതാപം ബി.ജെ.പിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയേണ്ടിവരും.