വേനൽമഴ, കരുതലോടെ വൈദ്യുതി വാങ്ങൽ; ആറുമാസംകൊണ്ട് 2303 കോടി ലാഭിച്ച് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: ആറുമാസക്കണക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി വാങ്ങലിൽ കെ.എസ്.ഇ.ബി ലാഭിച്ചത് 2303 കോടി രൂപ. ധാരാളം മഴ ലഭിച്ചതും വൈദ്യുതിവാങ്ങലിൽ വരുത്തിയ ശ്രദ്ധയുമാണ് ജൂൺ 30 വരെയുള്ള കെ.എസ്.ഇ.ബിയുടെ ബാലൻസ് ഷീറ്റിൽ വൻകുറവ് വരാൻ കരണം. വൈദ്യുതി വാങ്ങലിലുള്ള കുറവ് തുടരുകയാണെങ്കിൽ താരിഫ് വർധനവ് വരുത്താതെ കെ.എസ്.ഇ.ബിക്ക് മുന്നോട്ടുപോവാനുള്ള സാധ്യതയാണ് തെളിയുന്നത്.
ആദ്യ മൂന്നുമാസത്തെ വൈദ്യുതി വാങ്ങലിൽ മുൻ വർഷത്തെ അപേക്ഷിച്ച് 1195.60 കോടി രൂപയും ഏപ്രിൽ മുതൽ ജൂൺ 31 വരെയുള്ള കഴിഞ്ഞ ദിവസമിറങ്ങിയ ത്രൈമാസ റിപ്പോർട്ടിൽ 1108.10 കോടി രൂപയുടെ കുറവുമാണ് വന്നിട്ടുള്ളത്. ആദ്യ മൂന്നുമാസത്തെ ലാഭം 692.39 കോടിയും രണ്ടാം ത്രൈമാസ ലാഭം 687.72 കോടിയുമാണ്. ആകെ 1380.11 കോടി രൂപ.
വേനൽമഴ തുണച്ചതിനാൽ വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവ് വന്നു. ജല വൈദ്യുത പദ്ധതികളുടെ ഉൽപാദനം വർധിച്ചു.
വൈദ്യുതി വാങ്ങലിലാകട്ടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ (സ്വാപ്) വൈദ്യുതി വാങ്ങുന്ന രീതി കൊണ്ടുവന്നു. വൈദ്യുതി ആവശ്യകത കൂടുതലുള്ള സമയങ്ങളിൽ മാത്രമായി വൈദ്യുതി വാങ്ങി ചെലവ് ചുരുക്കി. ജൂലൈ മാസം മുതലുള്ള അടുത്ത ത്രൈമാസ കണക്കുകളിലും വൈദ്യുതി വാങ്ങലിൽ വൻകുറവ് പ്രതീക്ഷിക്കുന്നുണ്ട്.
കാരണം ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴ നല്ലതുപോലെ ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3000 കോടി രൂപയുടെ കുറവ് വൈദ്യുതി വാങ്ങലിൽ മാത്രമായി ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ താരിഫ് വർധന സമയത്ത് റഗുലേറ്ററി കമീഷൻ വിലയിരുത്തിയ നഷ്ടം 731 കോടി രൂപ മാത്രമായിരുന്നു. 2303 കോടിയുടെ വൈദ്യുതി വാങ്ങലിലെ കുറവിന്റെ പശ്ചാത്തലത്തിൽ താരിഫ് വർധന ഒഴിവാക്കാവുന്നതുമാണ്. അതേസമയം വൈദ്യുതി വിതരണ കമ്പനിയുടെ മുൻകാല നഷ്ടം നികത്താൻ സംസ്ഥാന റഗുലേറ്ററി കമീഷനുകളോട് സുപ്രീംകോടതി നിർദേശിച്ച പശ്ചാത്തലത്തിൽ റഗുലേറ്റററി ആസ്തിയായ 6600 കോടി രൂപ സമാഹരിക്കാനുള്ള നീക്കങ്ങൾ കെ.എസ്.ഇ.ബി നടത്തിവരികയാണ്.
ഈ മാസം 26ന് മുമ്പ് നഷ്ടം എങ്ങനെ നികത്തുമെന്നത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കാൻ അപ്പല്ലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി (ആപ്ടെൽ) നിർദേശിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിവർഷം 3000 കോടി രൂപയുടെ കുറവ് വൈദ്യുതി വാങ്ങലിൽ കണക്കാക്കിയാൽ രണ്ട് വർഷം കൊണ്ട് തീർക്കാവുന്ന ബാധ്യതയേ റഗലേറ്ററി ആസ്തിക്കുള്ളൂവെന്ന ഊർജമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കപ്പെടേണ്ടത്.


