കടം കയറി സൈപ്ലകോ; സബ്സിഡി സാധനങ്ങൾ വെട്ടിക്കുറച്ചു
text_fieldsമലപ്പുറം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സബ്സിഡി സാധനങ്ങൾ വാങ്ങുന്നത് സൈപ്ലകോ ഗണ്യമായി വെട്ടിക്കുറച്ചു. ഔട്ട്ലറ്റുകൾ കാലിയാകാൻ പ്രധാന കാരണമിതാണ്. 2021-22ൽ ആകെ 25.07 ലക്ഷം ക്വിന്റലും 2022-23ൽ ആകെ 28.92 ലക്ഷം ക്വിന്റലും സബ്സിഡി സാധനങ്ങൾ വാങ്ങിയിരുന്നപ്പോൾ 2023-24ൽ ഇത് 12.56 ലക്ഷം ക്വിന്റലായും 2024ൽ അത് 9.16 ലക്ഷം ക്വിന്റലായും കുറച്ചതായി നിയമസഭ രേഖകൾ സൂചിപ്പിക്കുന്നു.
2021-22ൽ 2.02 ലക്ഷം ക്വിന്റൽ ചെറുപയർ വാങ്ങിയിരുന്ന സ്ഥാനത്ത് 2024ൽ വാങ്ങിയത് 45,310 ക്വിന്റൽ മാത്രം. 2021-22ൽ ഉഴുന്ന് 1.83 ലക്ഷം ക്വിന്റൽ വാങ്ങിയിരുന്നപ്പോൾ 2024ൽ 67,275 ക്വിന്റൽ ആയി കുറച്ചു. തുവരപ്പരിപ്പ് 1.29 ലക്ഷം ക്വിന്റലിൽനിന്ന് 36,745 ക്വിന്റൽ ആയും പഞ്ചസാര 7.40 ലക്ഷം ക്വിന്റലിൽനിന്ന് 1.53 ലക്ഷം ക്വിന്റലായും ചുരുങ്ങി. മട്ട അരി 2.27 ലക്ഷം ക്വിന്റലിൽനിന്ന് 83,170 ക്വിന്റലായി. 2021-22ൽ വെളിച്ചെണ്ണ 1.82 കോടി ലിറ്റർ വാങ്ങിയ സ്ഥാനത്ത് 2024ൽ 74 ലക്ഷം ലിറ്ററായി കുറച്ചു. അവശ്യസാധനങ്ങൾക്ക് സബ്സിഡി നൽകുന്നതുമൂലം സൈപ്ലകോക്ക് കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായ നഷ്ടം 1363.30 കോടി രൂപയാണെന്നും രേഖകൾ പറയുന്നു.
ഇക്കാലയളവിൽ, ഈ ആവശ്യത്തിലേക്ക് സർക്കാർ നൽകിയത് 757.63 കോടി രൂപ മാത്രമാണ്. 2021-22ൽ സൈപ്ലകോക്ക് 270.68 കോടി രൂപ നഷ്ടമുണ്ടായപ്പോൾ സർക്കാർ ആ വർഷം 75 കോടി രൂപ മാത്രമേ അനുവദിച്ചുള്ളൂ. 2022-23ൽ സൈപ്ലകോക്ക് 585.97 കോടി നഷ്ടമുണ്ടായിട്ടും ആ വർഷം സർക്കാർ ഒന്നും അനുവദിച്ചില്ല. 2023-24ൽ സൈപ്ലകോയുടെ നഷ്ടം 346.53 കോടിയായപ്പോൾ സർക്കാർ അനുവദിച്ചത് 357.63 കോടി രൂപയാണ്.
2024 ഏപ്രിൽ മുതൽ ഡിസംബർ വരെ സൈപ്ലകോയുടെ നഷ്ടം 160.12 കോടി. സർക്കാർ നൽകിയത് 325 കോടി രൂപയും. പൊതുവിപണിയിലെ വില പിടിച്ചുനിർത്താനാണ് സർക്കാർ നിർദേശപ്രകാരം സൈപ്ലകോ 13 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, മട്ട അരി, ജയ അരി, കുറുവ അരി, പച്ചരി എന്നിവയാണ് സബ്സിഡി നിരക്കിൽ റേഷൻ കാർഡുടമകൾക്ക് നൽകുന്നത്. വിപണി ഇടപെടലിലൂടെ സൈപ്ലകോക്ക് ഉണ്ടാകുന്ന നഷ്ടം ബജറ്റ് വിഹിതമായും മറ്റും നികത്തിനൽകുന്നതാണ് മുൻകാലങ്ങളിലെ പതിവ്.