Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വഖഫ് സ്വത്തുക്കളിൽ...

‘വഖഫ് സ്വത്തുക്കളിൽ മാറ്റം വേണ്ട, വഖഫ് കൗൺസിലിലും ബോർഡുകളിലും നിയമനം അരുത്’; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിധിച്ചു. നിലവിൽ വഖഫായി ഗണിക്കുന്ന രജിസ്റ്റർ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കൾക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നതും സുപ്രീംകോടതി വിലക്കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേൾക്കുമെന്നും ഇടക്കാല ഉത്തരവ് ആവശ്യമെങ്കിൽ അന്ന് നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും വഖഫ് ബോർഡുകളും ബില്ലിനെതിരായ ഹരജികൾക്ക് ഒരാഴ്ചക്കകം മറുപടി നൽകണം. അതിനുള്ള മറുപടി അഞ്ച് ദിവസത്തിനകവും നൽകണം.

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിൽ പോസിറീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നി​ല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാൽ, നില നിൽക്കുന്ന സാഹചര്യം മാറ്റാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്‍ലാം അനുഷ്ഠിക്കണമെന്നത് അടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല. അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

125-ാളം ഹരജികൾ ഇതിനകം വന്ന സാഹചര്യത്തിൽ അഞ്ച് പേരെ മാത്രം ഇരുപക്ഷത്തു നിന്നും ഹരജിക്കാരായി പരിഗണിക്കുമെന്നും മറ്റുള്ള ഹരജികൾ അപേക്ഷകളായി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Show Full Article
TAGS:Supreme Court Waqf Amendment Bill 
News Summary - Supreme Court orders status quo to continue in waqf properties
Next Story