Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി പ്രതിസന്ധിയിൽ...

വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി

text_fields
bookmark_border
വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി
cancel

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ താനില്ലെന്നും, ബി.ജെ.പി-സി.പി.എം ഡീൽ ആരോപണങ്ങൾ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞദിവസത്തെ തന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈദ്യുതി മുടക്കത്തിൽ കേന്ദ്ര പൂളിൽ നിന്ന് കഴിഞ്ഞ രണ്ടുദിവസമായി വൈദ്യുതി ലഭിക്കുന്നത് കൊണ്ട് പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞുവെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ളതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. രാത്രി 11 മണിക്കും 12 മണിക്കും വൈദ്യുതി മുടങ്ങുന്നത് മനുഷ്യാവകാശ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"സർക്കാരിനെ വിമർശിക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നോട് ചോദിക്കുന്നതെങ്കിൽ അത് വേണ്ട. അത് നിങ്ങൾ സർക്കാരിനോട് ചോദിച്ച് ഉത്തരം വാങ്ങുകയും അതിനുള്ള പ്രതിവിധി കണ്ടെത്തുകയും ചെയ്യുക. സർക്കാരിനെ വിമർശിക്കാൻ ഞാനില്ല. കാരണം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിയത്? മുൻ സർക്കാരുകൾക്കും ഇതിൽ ഉത്തരവാദിത്തമില്ലേ? യു.ഡി.എഫ് സർക്കാരിനെ വിമർശിക്കാനുള്ള സമയമായിട്ടില്ല, കാര്യങ്ങൾ വ്യക്തമാകട്ടെ. മാധ്യമങ്ങളുടെ സൗകര്യത്തിന് ഞങ്ങളെക്കൊണ്ട് സർക്കാരിനെ വിമർശിപ്പിക്കണം എന്ന് വിചാരിക്കുന്നതിന് പിന്നിൽ ഒരു ദുഷ്ടലാക്കുണ്ട്"- സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയ ഡീൽ എന്ന ആരോപണം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. സംസ്ഥാന സർക്കാരുമായുള്ള സഹകരണത്തെക്കുറിച്ച് പറഞ്ഞത് ടൂറിസം പ്രോജക്ടുകളുമായി ബന്ധപ്പെട്ടാണ്.

"ടൂറിസം പ്രോജക്ടുകൾ കൊണ്ടുവന്നപ്പോൾ കഴിഞ്ഞ 10 വർഷം എന്ത് തരത്തിലുള്ള സമീപനമാണ് എൽ.ഡി.എഫ് സർക്കാർ കാണിച്ചതെന്ന് വ്യക്തമാക്കാൻ ഞാൻ ആ വാക്ക് ഉപയോഗിക്കുന്നില്ല, എന്നാൽ വി.ഡി സതീശനെ വിളിച്ചു പറഞ്ഞപ്പോൾ, തടസ്സങ്ങൾ നീക്കുകയും പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ അദ്ദേഹം നടത്തുകയും ചെയ്തു. അതിന് എന്താ എനിക്ക് അങ്ങനെ പറഞ്ഞൂടെ? അതിനെ നിങ്ങൾ ഡീലിലേക്ക് കൊണ്ടുപോയാൽ എങ്ങനെ ശരിയാകും? ഇത്തരം ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നു"- സുരേഷ് ഗോപി വ്യക്തമാക്കി.

Show Full Article
TAGS:Suresh Gopi Power Crisis Kerala Government VD Satheesan UDF 
News Summary - Suresh Gopi Refuses to Blame State Govt Over Power Crisis
Next Story