സുരേഷ് ഗോപിയുടെ തൃശൂരിലെ ‘പെർഫോമൻസ്’: സർവേയുമായി പി.ആർ ഏജൻസി
text_fieldsതൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ പ്രകടനം സംബന്ധിച്ച് സർവേ നടത്തുന്നു. വോട്ടുകൊള്ളയടക്കം വിഷയങ്ങൾ സജീവ ചർച്ചയായിരിക്കുന്നതിനിടയിലാണ് എം.പിയുടെ പ്രവർത്തനം സംബന്ധിച്ച പഠനം. ബംഗളൂരു കേന്ദ്രമായ പബ്ലിക് റിലേഷൻസ് ഏജൻസിയാണ് പഠനം നടത്തുന്നത്.
മാധ്യമപ്രവർത്തകരെയടക്കം ഫോണിൽ വിളിച്ച് ചോദ്യോത്തര രൂപത്തിലാണ് സർവേ നടത്തുന്നത്. ബി.ജെ.പി ദേശീയതലത്തിലും ശക്തികേന്ദ്രമായ സംസ്ഥാനങ്ങളിലും സാധാരണ എം.പിമാരുടെ പ്രവർത്തനം വിലയിരുത്തുന്ന സർവേ നടത്താറുണ്ട്. സാധാരണ തെരഞ്ഞെടുപ്പിനോടടുത്താണ് ഇത്തരം സർവേകൾ. എന്നാൽ, തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ സുരേഷ് ഗോപിയുടെ പ്രകടനം വിലയിരുത്തുന്നതിന് സർവേ നടത്തുകയായിരുന്നു.
സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ പ്രകടനം, മന്ത്രിയായശേഷമുള്ള പ്രവർത്തനം, കേന്ദ്രപദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കുന്നതിലുള്ള കാര്യങ്ങൾ, ബി.ജെ.പിക്കുള്ളിൽനിന്ന് സുരേഷ് ഗോപിക്കെതിരെ എന്തെങ്കിലും നീക്കങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സർവേയിലൂടെ ചോദിക്കുന്നത്.
ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരേഷ്ഗോപിയെ സംബന്ധിച്ച വിലയിരുത്തൽ സംബന്ധിച്ച ചോദ്യങ്ങളുമുണ്ടായിരുന്നു. ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ഒഡിഷയിൽ വൈദികനടക്കം മർദനമേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ക്രിസ്ത്യൻ സമൂഹം ബി.ജെ.പിയോടും സുരേഷ് ഗോപിയോടും അകലുകയാണോ എന്നായിരുന്നു ചോദ്യം.