സർവേകൾ എടുത്ത് തോട്ടിലിടാം..; തൃക്കരിപ്പൂരിന് ഇടതുമനസ്സ് തന്നെ
text_fieldsതൃക്കരിപ്പൂർ മണ്ഡലം സി.പി.എം സ്ഥാനാർഥി എം. രാജഗോപാലൻ വോട്ടർമാരോടൊപ്പം
തൃക്കരിപ്പൂർ: മുഴുവൻ സർവേകളും എതിരായിരുന്നിട്ടും തൃക്കരിപ്പൂർ മണ്ഡലം ഇടതു പാരമ്പര്യം ഊട്ടിയുറപ്പിച്ചു. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് രണ്ടാമൂഴം. സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ എം. രാജഗോപാലൻ 26,137 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് രണ്ടാം വട്ടവും മണ്ഡലത്തിൽ അജയ്യനായത്.
2006ലെ തെരഞ്ഞെടുപ്പില്‍ കെ. കുഞ്ഞിരാമന്‍ നേടിയതാണ് (23,828) ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം. വോട്ടെടുപ്പിനുശേഷം പുറത്തുവന്ന സർവേകളിൽ ഒന്നിൽ മാത്രമാണ് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ മേൽക്കൈ സംബന്ധിച്ച നേരിയ സൂചന ഉണ്ടായിരുന്നത്.
സർവേകൾ സമ്മാനിച്ച വലിയ ശുഭപ്രതീക്ഷയോടെ ഇറങ്ങിയ യു.ഡി.എഫിന് പക്ഷേ പ്രകടനം മെച്ചപ്പെടുത്താനായില്ല. 60,014 വോട്ടുകളാണ് ജോസഫിന് ലഭിച്ചത്. എൻ.ഡി.എയുടെ ടി.വി. ഷിബിൻ അവരുടെ വോട്ടുകൾ (10,961) നിലനിർത്തി. ഉജ്വലവിജയം നേടിയെന്നുമാത്രമല്ല, വോട്ടോഹരി വർധിപ്പിക്കാനും ഇടതുമുന്നണിക്ക് സാധിച്ചു.
60 ശതമാനത്തിനടുത്ത് വോട്ടുകളാണ് ഇടതുമുന്നണി നേടിയത്. 2016ൽ ഇത് 50.93 ശതമാനമായിരുന്നു.
മറ്റു കക്ഷികളുടെ വോട്ടുനില: ടി. മഹേഷ് മാസ്റ്റർ (വെൽഫെയർ പാർട്ടി) -817, പി. ലിയാക്കത്തലി (എസ്.ഡി.പി.ഐ) -1211, സുധൻ വെള്ളരിക്കുണ്ട് (സ്വത.) -114, ജോയ് ജോൺ (സ്വത.) -554, എം.വി. ജോസഫ് (സ്വത.) -194, നോട്ട -521. യന്ത്രത്തകരാറുമൂലം ബൂത്ത് 20, 51 എ എന്നിവ ഒഴിവാക്കിയിരുന്നു.
നീലേശ്വരം നഗരസഭയിലെ ഒന്നു മുതൽ 16 എ വരെയുള്ള ബൂത്തുകളിൽ ഒന്നാം റൗണ്ട് വോെട്ടണ്ണൽ പൂർത്തിയായപ്പോൾ 218 വോട്ടിെൻറ ആദ്യ മേൽക്കൈ യു.ഡി.എഫ് നേടി. നഗരസഭയിലെ ഇതര ബൂത്തുകളും കയ്യൂർ ചീമേനി പഞ്ചായത്തിലെ നാല് എ മുതൽ 32 ബൂത്ത് വരെയുള്ള രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ 2223 വോട്ടോടെ എൽ.ഡി.എഫ് വ്യക്തമായ ലീഡ് നേടി.
കയ്യൂർ ചീമേനിയും ഈസ്റ്റ് എളേരിയും ഉൾപ്പെടുന്ന 19 എ മുതൽ 66 എ വരെയുള്ള ബൂത്തുകളിലൂടെ അഞ്ചാം റൗണ്ടിൽ എത്തുമ്പോൾ എൽ.ഡി.എഫിെൻറ ലീഡ് 14,226 ആയി ശക്തമായ നിലയിലായി.