മൂന്ന് പതിറ്റാണ്ട് മുമ്പ് കൊല്ലം ക്യാപ്റ്റൻ; അവിടെ തന്നെ ‘കൊടി’ ഇറക്കം
text_fieldsസൂസൻ കോടി ’95ലെ കൊല്ലം സമ്മേളനത്തിൽ സുർജിത്തിനും ഇ.എം.എസിനുമൊപ്പം, സൂസൻ കോടി
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയപ്പോൾ സൂസൻ കോടിക്ക് കയറ്റിറക്കത്തിന്റെ വേദികൂടിയായി കൊല്ലം. സംസ്ഥാന കമ്മിറ്റിയിൽനിന്ന് അച്ചടക്കനടപടിയുടെ പേരിൽ പുറത്തായ ഏക അംഗമായ സൂസൻ കോടി 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ റെഡ് വളന്റിയർ ക്യാപ്റ്റനായിരുന്നു. മൂന്ന് പതിറ്റാണ്ട് പാർട്ടിയിൽ ഉയരങ്ങൾ താണ്ടി സംസ്ഥാന കമ്മിറ്റി അംഗം വരെയെത്തിയ അവർ ഒടുവിൽ വിഭാഗീയതയുടെ ഇരയായാണ് സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ടത്.
30 കൊല്ലം മുമ്പ് കൊല്ലം ടൗൺ ഹാളിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ റെഡ് വളന്റിയർ ക്യാപ്റ്റനായി പാർട്ടി സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിനും ഇ.എം.എസിനുമൊപ്പം വേദിയിൽ നിൽക്കുന്ന ചിത്രം കരുനാഗപ്പള്ളിയിലെ തന്റെ വീടിന്റെ ഉമ്മറപ്പടിയിൽ ഇപ്പോഴും സൂസൻ ഫ്രൈംചെയ്ത് തൂക്കിയിട്ടിട്ടുണ്ട്. അതേ ടൗൺ ഹാളിൽതന്നെ തരംതാഴ്ത്തലിന് വിധേയയാകേണ്ടിവന്നത് ഇക്കുറി സമ്മേളന നാളുകളിൽ പാർട്ടിക്ക് ഏറെ അപമാനം സൃഷ്ടിച്ച കരുനാഗപ്പള്ളിയിലെ വിഭാഗീയത കാരണമാണ്.
കരുനാഗപ്പള്ളിയിലെ പ്രശ്നത്തിന് പരിഹാരം കാണാതെ അവിടെനിന്നുള്ള ആരെയും ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതാണെന്നും ജില്ല കമ്മിറ്റിയിലും അവിടെനിന്ന് ആരുമില്ലെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് കരുനാഗപ്പള്ളിയിൽ അരങ്ങേറിയതെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലും പാർട്ടി സെക്രട്ടറി പറഞ്ഞിരുന്നു. അവിടെ ലോക്കൽ സമ്മേളനങ്ങളിൽ വലിയതോതിൽ വിഭാഗീയത അരങ്ങേറുകയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന ഹാളിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. പ്ലക്കാർഡുകളുമായി പ്രതിഷേധ പ്രകടനവും നടന്നു. അവിടെ ഒരുചേരിക്ക് നേതൃത്വം നൽകിയ പി.ആർ. വസന്തൻ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. മറുചേരിയെ നയിച്ചയാളാണ് സൂസൻ കോടി.
66 വയസ്സുള്ള സൂസൻ കോടി ’95ൽ കൊല്ലം സമ്മേളനം നടക്കുമ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തക മാത്രമായിരുന്നു. 1995 മുതൽ 2000 വരെ കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. താൻ ഇപ്പോഴും പാർട്ടി പ്രവർത്തകയും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമാണെന്നും പാർട്ടി പറയുന്നത് എന്തും അനുസരിക്കുമെന്നും അവർ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.