ടാറിങ് പൂർത്തിയായതിന് പിന്നാലെ എം.എൽ.എയുടെ നിർദേശത്തിന് വഴങ്ങി റോഡ് തുറന്നുനൽകി; ട്രാഫിക് എസ്.ഐക്ക് സസ്പെൻഷൻ
text_fieldsമൂവാറ്റുപുഴ: നഗര റോഡ് ടാറിങ് പൂർത്തിയായതിന് പിന്നാലെ എം.എൽ.എയുടെ നിർദേശത്തിന് വഴങ്ങി റോഡ് തുറന്നുനൽകിയ മൂവാറ്റുപുഴ ട്രാഫിക് പൊലീസ് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് ഇൻസ്പെക്ടർ കെ.പി. സിദ്ദീഖിനെയാണ് ഞായറാഴ്ച സസ്പെൻഡ് ചെയ്തത്. നഗരറോഡ് വികസനത്തിന്റെ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായ വെള്ളിയാഴ്ച വൈകീട്ടാണ് മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് തുറന്നുനൽകിയത്. സംഭവ സ്ഥലത്ത് ട്രാഫിക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിദ്ദീഖിനെ എം.എൽ.എ വിളിച്ച് നാട മുറിപ്പിച്ച് റോഡ് തുറന്നുനൽകുകയായിരുന്നു.
നിർമാണം പൂർത്തിയാക്കും മുമ്പേ റോഡ് ഉദ്ഘാടനം നടത്തിയ എം.എൽ.എയുടെ നടപടിക്കെതിരെ സി.പി.എം രംഗത്തുവന്നിരുന്നു. ടൗൺ റോഡ് വികസനം പൂർത്തിയാകുംമുമ്പ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് റോഡ് തുറന്ന് കൊടുത്ത എം.എൽ.എയുടെയും നഗരസഭ ചെയർമാന്റെയും നാടകം പ്രഹസനമാണെന്ന് ആരോപിച്ചായിരുന്നു സി.പി.എം ഏരിയ നേതൃത്വം രംഗത്തുവന്നത്.
തുടർന്ന് നാടമുറിച്ച് റോഡ് ഉദ്ഘാടനം നടത്തിയ എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. ഇതേതുടർന്നാണ് സസ്പെൻഷൻ. റോഡ് തുറന്നു നൽകിയ സംഭവത്തിൽ ട്രാഫിക് എസ്.ഐയോട് ശനിയാഴ്ച ഡി.വൈ.എസ്.പി വിശദീകരണം തേടിയിരുന്നു. നാട മുറിച്ച് റോഡ് തുറന്നുകൊടുത്തത് ഉന്നത പൊലീസ് അധികാരികളെയും മറ്റും അറിയിക്കാതെയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എം.എൽ.എയുടെ രാഷ്ട്രീയ നാടകത്തിന് എസ്.ഐ കൂട്ടുനിന്നുവെന്നാണ് സി.പി.എം ആരോപണം.


