Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതളിപ്പറമ്പിലെ...

തളിപ്പറമ്പിലെ തീപിടിത്തം: പൊലീസ് കേസെടുത്തു

text_fields
bookmark_border
Taliparamba Fire
cancel

കണ്ണൂർ: തളിപ്പറമ്പിനെ നടുക്കിയ തീപിടിത്തത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കെ.വി കോംപ്ലക്സ് ഉടമ പി.പി. മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ പരാതിയിൽ പറയുന്നു. 50 കടകളാണ് കത്തി നശിച്ചത്.

തീ പടർന്നത് കെട്ടിടത്തിന്റെ മുൻവശമുള്ള ട്രാൻസ്ഫോർമറിൽ നിന്നാണെന്ന സംശയമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. തീപിടിത്തത്തെ കുറിച്ച് സ്ഥലം എം.എൽ.എ എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ഉച്ചക്കു ശേഷം അവലോകന യോഗം നടക്കും. വ്യാപാരികളുടെ നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. കലക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

തളിപ്പറമ്പ് നഗരത്തിൽ ദേശീയപാതക്കും ബസ്‍സ്റ്റാൻഡിനും അഭിമുഖമായുള്ള കെ.വി കോംപ്ലക്സിലെ നാലു നില കെട്ടിടത്തിലാണ്​ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ തീപിടിത്തമുണ്ടായത്. നാലു മണിക്കൂറാണ് നഗരത്തെ മുൾമുനയിൽ നിർത്തിയത്. മാസ്ട്രോ ചെരിപ്പുകടയിൽ ഒന്നാം നിലയിലെ എ.സിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് കരുതുന്നത്. തീ കണ്ടതോടെ, വ്യാപാരികളും ജീവനക്കാരും ജനങ്ങളും ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല.

10 ലധികം മുറികളിലായി പ്രവർത്തിക്കുന്ന ക്രോക്കറി സാധനങ്ങൾ വിൽക്കുന്ന ഷാലിമാർ സ്റ്റോർ, കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഫൺ സിറ്റി, രാജധാനി സൂപ്പർമാർക്കറ്റ്, ടോയ് സോൺ, ബോയ് സോൺ കൂൾബാർ, സർഗചിത്ര സ്റ്റുഡിയോ, റോക്ക് റെഡി മെയ്ഡ്, മറ്റൊരു സ്റ്റേഷനറി കട തുടങ്ങിയവ പൂർണമായും കത്തി നശിച്ചു.

കോംപ്ലക്സിൽ മൂന്ന് ജ്വല്ലറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതിനാൽ വൻ നഷ്ടം ഒഴിവായി. മിക്ക കടകളിലേയും എ.സി വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചത് ഭീതിപരത്തി. അഗ്നിരക്ഷാ സേന, പൊലീസ്, സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകർ എന്നിവർ മണിക്കൂറുകൾ പ്രയത്നിച്ചാണ് രാത്രി ഒമ്പത് മണിയോടെ നിയന്ത്രണ വിധേയമാക്കിയത്.

തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോം, കൂത്തുപറമ്പ്, മട്ടന്നൂർ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നും 10 ഓളം അഗ്നിരക്ഷാ വാഹനങ്ങളെത്തിയിരുന്നു. തീ പടർന്ന ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും ബസ്‍സ്റ്റാൻഡ് പ്രദേശത്തെ മുഴുവൻ കടകൾ അടച്ചതും ദുരന്ത സാധ്യത കുറച്ചു. ആദ്യമെത്തിയ അഗ്നിരക്ഷാ നിലയത്തിലെ വാഹനത്തിൽ പെട്ടെന്ന് വെള്ളം തീർന്നതും പിന്നീട് വാഹനമെത്താൻ വൈകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു

Show Full Article
TAGS:Fire taliparamba Police Case Kerala News 
News Summary - Taliparamba Fire Police case
Next Story