താനൂർ ബോട്ട് ദുരന്തം; അനധികൃത സർവിസിനെതിരെ മന്ത്രിമാരോടും നഗരസഭയോടും പരാതി പറഞ്ഞതായി സാക്ഷിമൊഴി
text_fieldsതിരൂർ: താനൂർ ബോട്ട് ദുരന്തത്തിനുമുമ്പ് അനധികൃത ബോട്ട് സർവിസുകൾക്കെതിരെ മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, മുഹമ്മദ് റിയാസ്, താനൂർ നഗരസഭ അധികൃതർ എന്നിവരോട് പരാതി പറഞ്ഞിരുന്നതായി കേസിലെ 41ാം സാക്ഷി മുഹാജിദ് ജുഡീഷ്യൽ കമീഷന് മൊഴി നൽകി. മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം മന്ത്രിയുടെ നിർദേശപ്രകാരം തന്റെ പരാതി രേഖപ്പെടുത്തി ഫോൺ നമ്പർ വാങ്ങിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് മുഹാജിദ് വ്യക്തമാക്കി. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി യാത്രാബോട്ടായി ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ബേപ്പൂർ പോർട്ട് ഓഫിസർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. താനൂർ നഗരസഭയുടെ അന്നത്തെ ചെയർമാനോടും പ്രദേശത്തെ കൗൺസിലറോടും ഇക്കാര്യത്തിൽ പരാതിപ്പെട്ടിരുന്നുവെന്നും മുഹാജിദ് പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ബോട്ടിന്റെ സർവിസ് സംബന്ധിച്ച് താനൂർ നഗരസഭ സെക്രട്ടറിക്ക് വിവരവകാശ നിയമപ്രകാരം അപേക്ഷ ബോധിപ്പിച്ചപ്പോൾ ബോട്ട് സർവിസുകൾ സംബന്ധിച്ച് നഗരസഭക്ക് അധികാരമില്ലെന്നും പോർട്ട് ഡിപ്പാർട്ട്മെൻറിനാണ് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അധികാരമുള്ളതെന്നുമാണ് മറുപടി ലഭിച്ചതെന്നും മുഹാജിദ് അറിയിച്ചു.
71 ാം സാക്ഷിയായ തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിനീഷിനെ വിസ്തരിക്കുന്ന വേളയിൽ അപകടത്തിൽപെട്ട ബോട്ടിനെതിരെ ലഭിച്ച പരാതി കമീഷൻ മുമ്പാകെ ഹാജരാക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പരാതി ഉടൻ ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി വി.വി. ബെന്നിയെയും മറ്റും വിസ്തരിക്കുന്നതിന് കമീഷൻ തുടർവിചാരണ നടപടികൾ ഫെബ്രുവരി 27 ലേക്ക് മാറ്റി.