വീട്ടിൽ അഞ്ച് അധ്യാപകർ
text_fieldsസിപ്പി പള്ളിപ്പുറം കുടുംബാംഗങ്ങൾക്കൊപ്പം
വൈപ്പിൻ: കവിതകളിലൂടെയും കഥകളിലൂടെയും കുഞ്ഞു മനസ്സുകളെ കീഴടക്കുന്ന പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന് അക്ഷരങ്ങളുടെ പത്തരമാറ്റ് തിളക്കം. അധ്യാപികയായി വിരമിച്ച മേരി സെലിൻ ഉൾപ്പെടെ മക്കളും മരുമക്കളും ചേർന്ന് അഞ്ച് അധ്യാപകരാണ് ഈ വീട്ടിൽ.
മകൻ നവനീത് പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനാണ്. മകൾ ശാരിക ചാത്തേടം സെന്റ് ജോസഫ് ഹൈസ്കൂളിൽ മലയാളം അധ്യാപിക. മരുമകൻ ജോർജ് അലോഷ്യസ് എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.എച്ച്.എസ് സ്കൂളിൽ ബയോളജി അധ്യാപകൻ. പകർന്ന് കൊടുക്കലിന്റെ ആഴവും അളവും ശരിക്കും തിരിച്ചറിഞ്ഞ ഗുരുക്കൻമാരാണിവർ.
പള്ളിപ്പുറം സെന്റ്മേരീസ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന സിപ്പി കഥയിലൂടെയും കവിതകളിലൂടെയും വിദ്യാർഥികളുടെ ഹൃദയത്തിൽ ഇടംപിടിച്ച സാഹിത്യകാരനാണ്. ബാലസാഹിത്യത്തിന് ദേശീയ അവാര്‍ഡ്, എന്‍.സി.ഇ.ആര്.ടിയുടെ ദേശീയ അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങൾ ചൂടിയ പ്രതിഭ കൂടിയാണ്.