തിരുവനന്തപുരത്ത് സ്കൂളിൽ അധ്യാപകരെ ബന്ദികളാക്കിയ 14 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
text_fieldsവെഞ്ഞാറമൂട്: പിരപ്പന്‍കോട് ജി.എച്ച്.എസ്.എസില്‍ അധ്യാപകരെ ബന്ദികളാക്കി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍. 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് സ്കൂളില്‍ സംഘര്‍ഷമുണ്ടാവുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് നടന്ന തിരഞ്ഞെടുപ്പ് ദിവസമായിരുന്ന ആദ്യ സംഘര്‍ഷം. തെരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിനായിരുന്നു മുന്‍ തൂക്കം. തുടര്‍ന്ന് സ്കൂള്‍ ചെയര്‍മാനായി കെ.എസ്.യു സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തയാറായില്ല. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതോടെ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ലാത്തി വീശി ഓടിച്ച് സംഘര്‍ഷം ഒഴിവാക്കുകയും ചെയ്തു.
ഇതിന്റെ പേരില്‍ അടുത്ത ദിവസം പോലീസ് സ്കൂള്‍ വളപ്പില്‍ കയറി ഏക പക്ഷീയമായി എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മര്ദ്ദിച്ചുവെന്നാരേപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ഉപരോധിക്കുകയും ചെയ്തു.
സ്കൂള്‍ അധികൃതര്‍ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും മാറ്റി വെച്ചു. അന്ന് മാറ്റി വെച്ച ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് വ്യാഴാഴ്ച പുരോഗമിക്കെയാണ് തങ്ങളെ അറിയിച്ചില്ലന്ന് ആരോപിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ എതിർപ്പ് പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ വൈകിട്ടോടെ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ഒന്നാം നിലയില്‍ താഴേക്ക വരാൻ കഴിയാത്ത രീതിയിൽ ഗ്രില്ലുകൊണ്ടുള്ള വാതിൽ പൂട്ടിയിടുകയായിരുന്നു. ഹയര്‍ സെക്കഡറി വിഭാഗം പ്രിന്‍സിപ്പല്‍, വൊക്കേഷണല്‍ വിഭാഗം പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപിക ഉൾപ്പെടെ തെരഞ്ഞടുപ്പ് ചുമതലയുള്ള ഏഴ് അധ്യാപകരാണ് ഇത്തരത്തിൽ കുടുങ്ങിപ്പോയത്. വിവരമറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തിയാണ് പൂട്ട് പൊളിച്ച് അധ്യാപകരെ പുറത്തെത്തിച്ചത്.
പൊലീസ്14 പേര്‍ക്കെതിര കേസെടുത്തു. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സ്കൂള്‍ അധികൃതര്‍ മാറ്റി വെക്കുകയും ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.


