ടീം ബി.ജെ.പി പ്രഖ്യാപനം; മുരളീധര വിഭാഗത്തിന് പ്രഹരം; കൃഷ്ണദാസ് പക്ഷത്തിന് നേട്ടം
text_fieldsതിരുവനന്തപുരം: ടീം ബി.ജെ.പിയെ പ്രഖ്യാപിച്ചപ്പോൾ വി. മുരളീധരൻ-കെ. സുരേന്ദ്രൻ പക്ഷത്തിന് കനത്ത തിരിച്ചടി. ഈ വിഭാഗത്തെ പിന്തുണക്കുന്ന നേതാക്കളെ പൂർണമായും അവഗണിച്ചാണ് പുതിയ ഭാരവാഹി പട്ടിക. അതേസമയം പി.കെ. കൃഷ്ണദാസ് - എം.ടി രമേശ് പക്ഷത്തിന് വേണ്ട പരിഗണന കിട്ടുകയും ചെയ്തു. ഇതോടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരു ഗ്രൂപ്പിന്റെ ഭാഗമായി എന്ന നിലക്കുള്ള ചർച്ച തുടങ്ങി. ഇതിന്റെ ബഹിർ സ്ഫുരണങ്ങൾ പാർട്ടി വേദികളിലുണ്ടാകും.
സംസ്ഥാന പ്രസിഡന്റ് കഴിഞ്ഞാൽ ജനറൽ സെക്രട്ടറിമാരാണ് പാർട്ടിയുടെ എല്ലാമെല്ലാം. ഈ പദവിയിൽ അനുകൂലികൾ ഇല്ലെന്നതിനുപുറമെ സുരേന്ദ്രനെയും മുരളീധരനെയും പരസ്യമായി എതിർത്ത ശോഭ സുരേന്ദ്രൻ ഇടം നേടുകയും ചെയ്തു. വീണ്ടും ജനറൽ സെക്രട്ടറിയായ എം.ടി. രമേശും കെ. സുരേന്ദ്രനുമായി നല്ല ചേർച്ചയിലല്ല. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായത് രമേശിനെ മറികടന്നാണ്. എ.ബി.വി.പിയിൽ നിന്നൊഴിഞ്ഞ് രാഷ്ട്രീയം അവസാനിപ്പിച്ച സുരേന്ദ്രനെ യുവമോർച്ച ഭാരവാഹിയായിരിക്കെ രമേശാണ് വീണ്ടും സംഘടനാരംഗത്തേക്ക് കൊണ്ടുവന്നത്.
എന്നാൽ സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയായ രമേശിനെ ഒതുക്കി. പാർട്ടി ഐ.ടി സെൽ മേധാവിയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച പത്തനംതിട്ടയിൽ നിന്നുള്ള അനൂപ് ആന്റണി ജോസഫും തിരുവനന്തപുരത്തെ അഡ്വ. എസ്. സുരേഷുമാണ് മറ്റുരണ്ട് ജനറൽ സെക്രട്ടറിമാർ. ഇവരും സംസ്ഥാന അധ്യക്ഷന്റെ ടീമാണ്. തിരുവനന്തപുരത്തെ പി. സുധീർ, പാലക്കാട്ടെ സി. കൃഷ്ണകുമാർ എന്നിവരെ ജനറൽ സെക്രട്ടറിയാക്കണമെന്ന മുരളീധരപക്ഷ ആവശ്യം തള്ളി.
റിട്ട. ഐ.പി.എസ് ഓഫിസർ ആർ. ശ്രീലേഖയും പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജും പത്തംഗ വൈസ് പ്രസിഡന്റുമാരിൽ ഇടംപിടിച്ചു. സുരേന്ദ്രൻ സ്ഥാനമൊഴിഞ്ഞപ്പോൾ രാജീവ് ചന്ദ്രശേഖറിനെ കളത്തിലിറക്കിയത് ഗ്രൂപ് അവസാനിപ്പിക്കാനായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ എല്ലാ നേതാക്കളോടും സമദൂരം പാലിച്ച രാജീവ് പിന്നീട് കൃഷ്ണദാസ് പക്ഷത്തോട് അടുത്തു.
‘വികസിത കേരളം’എന്നതിലൂന്നി നീങ്ങുന്ന പാർട്ടി, രാഷ്ട്രീയ മുദ്രാവാക്യം ഒഴിവാക്കിയോ എന്ന ചോദ്യം സംഘടനയിൽ ചർച്ചയായതോടെ പക്ഷം പ്രകടമായി. പിന്നാലെ കോർ കമ്മിറ്റിയിലേക്ക് മുരളീധരനെയും സുരേന്ദ്രനെയും ക്ഷണിക്കാത്തത് തർക്കത്തിനിടയാക്കി. ഇതോടെ മുരളീധരപക്ഷം അതൃപ്തി അറിയിച്ചെങ്കിലും ദേശീയ നേതൃത്വം രാജീവിനൊപ്പമാണ് നിലകൊണ്ടത്. അതാണ് മുരളീധര പക്ഷത്തെ വെട്ടാൻ അധ്യക്ഷന് കരുത്തായത്.