രാഹുൽ ഗാന്ധിയുടെ ഉറ്റകൂട്ടുകാരൻ, കേരളത്തിലെത്തുന്നത് എൽ.ഡി.എഫ് പ്രചാരണത്തിന്
text_fieldsകോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തും ദേശീയതലത്തിലെ സഖ്യകക്ഷി നേതാവുമായ ആർ.ജെ.ഡി ദേശീയ വർക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വരുന്നു. സുഹൃത്തായ രാഹുലിന്റെ പാർട്ടിക്ക് വേണ്ടിയല്ല ബിഹാർ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി എത്തുന്നത്. ആർ.ജെ.ഡിയുൾപ്പെട്ട എൽ.ഡി.എഫിനായാണ് ലാലുപുത്രന്റെ വരവ്. മൂന്ന് ദിവസം ഇദ്ദേഹം പ്രചാരണത്തിനുണ്ടാകും.
മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി തേജസ്വി യാദവ് 31ന് എത്തുമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ അറിയിച്ചു. അന്ന് വൈകീട്ട് ഏഴിന് പൊന്നാനി ബസ്സ്റ്റാൻഡ് പരിസരത്ത് എം.കെ. സക്കീറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കും. ഏപ്രിൽ ഒന്നിന് വൈകീട്ട് നാലിന് പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന്റെ പ്രചാരണ യോഗത്തിലും ശേഷം വടകര മണ്ഡലത്തിൽ ഓർക്കാട്ടേരിയിൽ എം.കെ. ഭാസ്കരന്റെ പ്രചാരണ യോഗത്തിലും 6.30ന് പാനൂരിൽ പി.കെ. പ്രവീണിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും സംസാരിക്കും.
ഏപ്രിൽ രണ്ടിന് രാവിലെ 11ന് ബേപ്പൂർ മണ്ഡലത്തിലെ കുണ്ടായിതോടിൽ പി.എ. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് റാലിയിലും വൈകീട്ട് നാലിന് കൽപറ്റ മണ്ഡലത്തിൽ പി.കെ. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും 6.30ന് തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്ത് ലിന്റോ ജോസഫിന്റെ പര്യടനത്തിലും തേജസ്വി പങ്കെടുക്കുമെന്നും ശ്രേയാംസ്കുമാർ അറിയിച്ചു.


