ക്ഷേത്ര കമ്മിറ്റി ട്രഷററെ മർദിച്ച സംഭവം: വയോധികൻ റിമാൻഡിൽ
text_fieldsഹേലി
കണ്ണനല്ലൂർ: ക്ഷേത്രകമ്മിറ്റി ട്രഷററെ മര്‍ദിച്ച സംഭവത്തില്‍ വയോധികൻ പൊലീസ് പിടിയിലായി. നെടുമ്പന നല്ലില ഭാഗത്ത് ശ്രീനാഗരാജക്ഷേത്രത്തിന് സമീപം ഷാജി ഭവനിൽ ഹേലി (72) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
ക്ഷേത്രകമ്മിറ്റി ട്രഷററായ മോഹനന് പിള്ളയെ ഹേലിയും ഇയാളുടെ മകൻ സന്ദേശും ചേർന്ന് ആക്രമിച്ചതായാണ് കേസ്. നല്ലില ശ്രീനാഗരാജക്ഷേത്രത്തിന്റെ അതിര്‍ത്തി, മതില് കെട്ടി തിരിച്ചതുമൂലം ഹേലിയും മകൻ സന്ദേശും ഉപയോഗിച്ചുവന്ന വഴി തടസ്സപ്പെട്ടതിലും സന്ദേശിനെ ക്ഷേത്രത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പൊതുയോഗം നീക്കിയതിലുള്ള വിരോധവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ 10ന് രാത്രി ഏഴരയോടെ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുകയായിരുന്ന മോഹനൻപിള്ളയെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കാലിന് പൊട്ടലും തലക്ക് ഗുരുതരമായി പരിക്കുമേറ്റ മോഹനൻപിള്ളയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേസിൽ ഒന്നാം പ്രതിയായ ട്യൂട്ടോറിയൽ കോളജ് അധ്യാപകൻ കൂടിയായ സന്ദേശിനെ പൊലീസ് തിരയുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഹരി സോമൻ, സി.പി.ഒ നജുമുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.