ക്ഷേത്രം നിർമിച്ചത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; ക്രമവത്കരിക്കുകയോ പൊളിച്ചുകളയുകയോ ചെയ്യണമെന്ന് പഞ്ചായത്ത്
text_fieldsചൂർണിക്കര(ആലുവ): ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ കെട്ടിട നിർമാണ ചട്ടം ലംഘിച്ച് നിർമിച്ച ക്ഷേത്രത്തിന്റെ നിർമാണം ക്രമവത്കരിക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. നാലാം വാർഡിൽ എസ്.എൻ പുരം ജങ്ഷനിൽ പൈപ് ലൈൻ റോഡിന് സമീപം നിർമിച്ച ആജ്ഞനേയ ക്ഷേത്രത്തിൻറെ നിർമാണം അനധികൃതമാണെന്നാണ് ചൂർണിക്കര ഗ്രാമ പഞ്ചായത്ത് കണ്ടെത്തിതിയിരിക്കുന്നത്.
പൊതുപ്രവർത്തകനായ കെ.ടി. രാഹുൽ ഇതിനെതിരെ പരാതി നൽകിയിരുന്നത്. ചുറ്റും റോഡുള്ള ഭാഗത്താണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. എന്നാൽ, റോഡിൽ നിന്ന് ആവശ്യത്തിന് അകലം പാലിക്കാതെയാണ് നിർമാണം. ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും ആവശ്യമായ സെറ്റ് ബാക്ക് ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്.
നിർമിതി ക്രമവത്കരിക്കുന്നതിനാവശ്യമായ മേൽനടപടി സ്വീകരിക്കുകയോ, അല്ലാത്തപക്ഷം അനധികൃത നിർമാണം പൊളിച്ചുകളഞ്ഞ് പഞ്ചായത്തിൽ രേഖാമൂലം അറിയിക്കുകുകയോ ചെയ്യണമെന്ന് ഭാരവാഹികളെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. അമ്പലം ഈ ക്ഷേത്രത്തിനു സമീപം പൈപ് ലൈൻ റോഡ് കൈയേറി ആർ.എസ്.എസ് ശാഖ പ്രവർത്തനം നടത്തുന്നതിനെതിരെ രാഹുൽ നേരത്തെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. ആർ.എസ്.എസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് അംഗത്തിൻ്റെ സ്വാധീനം മൂലം നടപടികൾ വൈകുന്നതായി രാഹുൽ ആരോപിച്ചു.