Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൃദയം തകർന്ന് ഉപ്പയും...

ഹൃദയം തകർന്ന് ഉപ്പയും ഉമ്മയും, ഷിബിലക്ക് അന്ത്യചുംബനം നൽകിയത് ആശുപത്രി മുറ്റത്ത്​; വിങ്ങിപ്പൊട്ടി ദൃക്സാക്ഷികൾ

text_fields
bookmark_border
ഹൃദയം തകർന്ന് ഉപ്പയും ഉമ്മയും, ഷിബിലക്ക് അന്ത്യചുംബനം നൽകിയത് ആശുപത്രി മുറ്റത്ത്​; വിങ്ങിപ്പൊട്ടി ദൃക്സാക്ഷികൾ
cancel
camera_alt

താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭർത്താവിന്റെ വെട്ടേറ്റ് മരിച്ച ഷിബിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയും അവസാനമായി കാണുന്നു.. (ഫോട്ടോ: പി. അഭിജിത്ത്)

കോഴിക്കോട്: ആർക്കും കണ്ടുനിൽക്കാൻ കഴിയുന്നതായിരുന്നില്ല ആ കരളലിയിക്കുന്ന രംഗങ്ങൾ. താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭർത്താവ് യാസിർ വെട്ടിക്കൊന്ന ഷിബിലക്ക്, മെഡിക്കൽ കോളജ് മുറ്റത്ത് ഉപ്പയും ഉമ്മയും അന്ത്യചുംബനും നൽകുന്ന രംഗത്തിന് സാക്ഷിയായവർ കരച്ചിലടക്കാനാവാതെ വിങ്ങിപ്പൊട്ടി. ​

വെട്ടേറ്റ പരിക്കു​കളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഹസീനയെയാണ് വീൽചെയറിലിരുത്തി ആദ്യം ആംബുലൻസിനരികി​ലേക്ക് കൊണ്ടുവന്നത്. ഇന്നലെ നോമ്പുതുറ സമയത്ത് ഒരുമിച്ചുണ്ടായിരുന്ന മകൾ ഷിബില, ആംബുലൻസിനകത്ത് ചലനമറ്റ് വെള്ള പുതച്ച് കിടക്കുന്നുണ്ട്. ആർത്തനാദത്തോടെ മകളെ കണ്ട ഉമ്മ അവസാനമായി ാ കവിളിൽ ഒരു മുത്തം നൽകി. തലക്ക് വെട്ടേറ്റ് അതേ ആശുപത്രിയിൽ കഴിയുന്ന പിതാവ് അബ്ദുറഹ്മാനെ സ്ട്രച്ചറിൽ കിടത്തിയാണ് മകളുടെ അരികിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും കരച്ചിലോടെ പൊന്നുമോളെ അവസാന നോക്ക് കണ്ടു.

കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഷിബിലയുടെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. മയ്യിത്ത് കുളിപ്പിച്ച് കഫൻപുടവ ധരിപ്പിച്ച ശേഷമാണ് മാതാപിതാക്കളെ കാണിച്ചത്. ശേഷം ഈങ്ങാപ്പുഴ കരികുളം ത്വാഹാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. യാസിറിന്‍റെ ആക്രമണത്തിൽനിന്ന് ഷിബിലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനക്കും​ വെട്ടേറ്റത്.

ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. പ്രതി പുതുപ്പാടി തറോൽമറ്റത്ത് വീട്ടിൽ യാസിർ സ്വബോധത്തോടെയാണ് കൃത്യം നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പുതുപ്പാടി കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാൻ-ഹസീന ദമ്പതികളുടെ മകൾ ഷിബിലയാണ് (24) ഇന്നലെ രാത്രി ഭർത്താവിന്‍റെ വെട്ടേറ്റ് മരിച്ചത്. ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടപ്പാക്കിയതെന്നും ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ വ്യക്തമായതെന്നും താമരശ്ശേരി പൊലീസ് അറിയിച്ചു. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രാസലഹരിയു​ടെയോ മറ്റു ലഹരി വസ്തുക്കളുടേയോ സാന്നിധ്യം യാസിറിന്‍റെ രക്തത്തിലുണ്ടായിരുന്നില്ല.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ ഷിബിലയെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനാലാണ് മൂന്നു മാസം മുമ്പ് ഷിബില കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഫോൺ വിളിച്ചും വാട്സ്ആപ്പിലൂടെയും യാസിർ ഭീഷണി തുടർന്നു. തുടർന്ന് ഷിബില ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസിൽ പരാതി നൽകി. ബന്ധം വേർപെടുത്താൻ ആഗ്രഹിച്ച ഷിബില യാസിറിന്‍റെ വീട്ടിലുണ്ടായിരുന്ന തന്‍റെയും കുഞ്ഞിന്‍റെയും വസ്ത്രങ്ങൾ എത്തിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കൂട്ടിയിട്ടു കത്തിച്ച് ദൃശ്യങ്ങൾ വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തു. തിരിച്ചു വീട്ടിലേക്ക് വന്നില്ലെങ്കിൽ കൊല്ലുമെന്ന് യാസിർ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെ യാസിർ ഷിബിലയുടെ കക്കാട്ടെ വീട്ടിലെത്തി മടങ്ങിയിരുന്നു. പിന്നീട് രാത്രി 7.10ന് തിരിച്ചുവന്ന് കത്തികൊണ്ട് വെട്ടുകയായിരുന്നു. കൊലപാതകശേഷം കാറിൽ കടന്നുകളഞ്ഞ യാസിർ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽനിന്ന് 2000 രൂപക്ക് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി. പിന്നീട് രാത്രി 12നു ശേഷം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് 50 മീറ്റർ അകലെ നിർത്തിയിട്ട കാറിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

കാറിൽ ഒളിച്ചിരിക്കുകയായിരുന്ന യാസിറിനെ മെഡിക്കൽ കോളജ് പരിസരത്തെ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ തടഞ്ഞ് പൊലീസിൽ വിവരം അറി‍യിക്കുകയായിരുന്നു. മെഡിക്കൽ കോളജ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ പിന്നീട് താമരശ്ശേരി പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി.

Show Full Article
TAGS:Thamarassery murder familicide Crime News Kerala News 
News Summary - thamarassery engapuzha shibila familicide
Next Story