തവനൂർ: അവസാന ലാപ്പിൽ ജലീൽ കുതിപ്പ്; വിറപ്പിച്ച് ഫിറോസ്
text_fieldsവിജയം പ്രഖ്യാപിച്ച ശേഷം വോട്ടെണ്ണൽ കേന്ദ്രമായ തവനൂർ കാർഷിക കോളജിൽ എത്തിയ കെ.ടി. ജലീൽ
ഹിമേഷ് കാരാട്ടേൽ
എടപ്പാൾ: തവനൂർ മണ്ഡലത്തിൽ മങ്ങിയ ഹാട്രിക് വിജയം സ്വന്തമാക്കി ഡോ. കെ.ടി. ജലീൽ. 2564 വോട്ട് ഭൂരിപക്ഷത്തിനാണ് ജലീലിെൻറ വിജയം. കഴിഞ്ഞ രണ്ട് തവണത്തെ അപേക്ഷിച്ച് കഷ്ടിച്ച് രക്ഷപ്പെട്ടെന്ന പ്രയോഗമാണ് ചേരുക. ആകെ എൽ.ഡി.എഫിന് 70,358 വോട്ടും, യു.ഡി.എഫിന് 67,794 വോട്ടും ലഭിച്ചു. 2016ൽ 15,208 വോട്ട് ലഭിച്ച എൻ.ഡി.എക്ക് ഇത്തവണ 9914 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ലോക്സഭയിൽ എൻ.ഡി.എക്ക് 17,000ത്തോളം വോട്ട് ലഭിച്ചിരുന്നു.
2649 വോട്ട് ലഭിച്ച എസ്.ഡി.പി.ഐക്ക് ഇത്തവണ 1747 ആയി കുറഞ്ഞു. 2011ൽ ആദ്യ തവണ മത്സരിക്കുമ്പോൾ 6854 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് 2016ൽ 17,064 ആക്കി ഉയർത്താൻ ജലീലിന് സാധിച്ചിരുന്നു.
എന്നാൽ, ഇത്തവണ കണക്കുകൂട്ടൽ പിഴച്ചു. 6,000 വോട്ടിന് വിജയിക്കുമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുക്കൂട്ടൽ. ഇതിനെക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്ന് കെ.ടി. ജലീലും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇതിനെയെല്ലാം തകിടംമറിച്ച് കഷ്ടിച്ച് ജയിച്ചു കയറാനേ ഇടതുപക്ഷത്തിന് സാധിച്ചുള്ളൂ. കനത്ത പോരാട്ടത്തിനൊടുവിലാണ് ഫിറോസ് കുന്നംപറമ്പിൽ കീഴടങ്ങിയത്.
ആദ്യ പത്ത് റൗണ്ട് എണ്ണിത്തീരും വരെ ഫിറോസാണ് ലീഡ് നിലനിർത്തിയത്. ആദ്യ റൗണ്ട് മംഗലം പഞ്ചായത്തിൽ എണ്ണിയപ്പോൾ 316 ലീഡ് നിലനിർത്തി. തുടർന്നങ്ങോട്ട് എടപ്പാൾ പഞ്ചായത്ത് വരെ ഫിറോസ് 1000ത്തിനും 2000ത്തിനും ഇടയിൽ ലീഡ് നിലനിർത്തി പോന്നു.
എൽ.ഡി.എഫ് ഭരിക്കുന്ന തൃപങ്ങോട് പഞ്ചായത്തിൽ ഫിറോസിന് മികച്ച മുന്നേറ്റം നടത്താനായി. തവനൂർ, കാലടി, വട്ടംകുളം പഞ്ചായത്തിൽ എൽ.ഡി.എഫിന് 2016നെക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ലഭിച്ചത്. അവസാന ഘട്ടത്തിൽ വോട്ടെണ്ണിയ എടപ്പാൾ, പുറത്തൂർ, പഞ്ചായത്തുകളിലെ ലീഡാണ് കെ.ടി. ജലീലിനെ തുണച്ചത്. ഈ പഞ്ചായത്തുകളിൽനിന്നാണ് ജലീലിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതും. പല പാർട്ടി കോട്ടകളിലും ജലീലിന് മുന്നേറാൻ സാധിച്ചില്ല. എൻ.ഡി.എയുടെ വോട്ടിൽ വലിയ ചോർച്ചയാണ് സംഭവിച്ചത്. ഉച്ചക്ക് ഒരു മണിയോടെ പോസ്റ്റൽ വോട്ട് എണ്ണിത്തീർന്നു. മൊത്തം 2663 പോസ്റ്റൽ വോട്ടിൽ 379 വോട്ടിെൻറ ഭൂരിപക്ഷം ജലീൽ സ്വന്തമാക്കി.